india-china-

ന്യൂഡൽഹി : ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം തുടരവേ ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ എം എം നരവനെ. നിയന്ത്രണ രേഖയിൽ വിദേശ ശക്തികളുടെ ശ്രമങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ഒരു കോൺക്‌ളേവിൽ പങ്കെടുക്കവേയാണ് കരസേന മേധാവി ചൈനയുടെ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് സൂചന നൽകിയത്. ഗൽവാൻ സംഘർഷത്തിന് ശേഷമുണ്ടായ ചർച്ചകളിലൂടെ ഇരു പക്ഷവും മേഖലയിൽ നിന്നും പിന്മാറാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലഡാക്കിൽ സംഘർഷമുണ്ടായത്. നിങ്ങൾ അവിടെ നിൽക്കാൻ ഉണ്ടെങ്കിൽ ഞങ്ങളും അവിടെ തുടരാം എന്ന സന്ദേശമാണ് ഇന്നലെ കരസേന മേധാവി നൽകിയത്.

അതിർത്തിൽ ചൈനയുടെ ഭാഗത്ത് ശക്തമായ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി കരസേന മേധാവി അംഗീകരിച്ചു. സൈനികർക്ക് താമസിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് ചൈന ഊന്നൽ നൽകുന്നത്. ഈ സംഭവങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും, വിലയിരുത്തുന്നുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

അതേസമയം നിയന്ത്രണരേഖയിൽ അധികമായി വിന്യസിച്ച സൈനികരെ പിൻവലിക്കുവാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള 13ാമത് കോർപ്സ് കമാൻഡർ തല ചർച്ച ആരംഭിച്ചിട്ടുണ്ട്. എൽഎസിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചൈന ശ്രമിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.