തിരുവനന്തപുരം: കേരളത്തിൽ രാജഭരണം പോയി ജനാധിപത്യം വന്നെങ്കിലും തിരുവിതാംകൂർ അടക്കമുള്ള 37 രാജകുടുംബങ്ങളിലെ അംഗങ്ങൾക്ക് സർക്കാർ പെൻഷൻ ഇനത്തിൽ 2020-21 സാമ്പത്തിക വർഷം നൽകിയത് 5.4 കോടി രൂപ. പ്രതിപക്ഷ എം.എൽ.എ പി.ടി.എ റഹീമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയാണ് ഈ മറുപടി നൽകിയത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ രാജകുടുംബാംഗങ്ങൾക്ക് പ്രതിവർഷം ഭീമമായ തുക പെൻഷൻ ഇനത്തിൽ നൽകേണ്ടതുണ്ടോയെന്ന വിമർശനം നേരത്തെ തന്നെ പല കോണുകളിൽ നിന്ന് ഉയർന്നിട്ടുള്ളതാണ്. അതേസമയം, ഇപ്പോഴും സമ്പന്നമായ രാജകുടുംബങ്ങളിലെ അംഗങ്ങൾ പോലും പെൻഷൻ വാങ്ങുന്നുണ്ടെന്ന വസ്തുതയും വിസ്‌മരിക്കരുത്.
2013ൽ മുതൽ കോഴിക്കോട് സാമൂതിരി രാജകുടുംബത്തിനായി മാത്രം ഇതുവരെ കുടുംബ, രാഷ്ട്രീയ പെൻഷനായി 19.51 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇത് കൂടാതെ കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക മാലിഖാന (ബ്രിട്ടീഷ് ഇന്ത്യയുടെ മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്) പെൻഷൻ 1960 മുതലും അലവൻസായ 2500 രൂപയും മുടങ്ങാതെ ലഭിക്കുന്നുണ്ട്. 1969ലെ ഉത്തരവ് പ്രകാരം മാനദണ്ഡങ്ങൾ അനുസരിച്ചാണ് തിരുവിതാംകൂർ - കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ നൽകുന്നത്. തിരുവിതാംകൂർ, കൊച്ചി രാജകുടുംബങ്ങളിലെ അംഗങ്ങൾക്ക് 2500 രൂപയായിരുന്ന പെൻഷൻ 2017ൽ സർക്കാർ 3000 രൂപയായി ഉയർത്തിയിരുന്നു.
രാജകുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതി
സമൂഹത്തിലെ അശരണം വിഭാഗങ്ങളെ കണ്ടെത്താൻ, സാമൂഹ്യ - സാമ്പത്തിക സർവേ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കെയാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാൽ, രാജകുടുംബങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാരിന് യാതൊരു അറിവും ഇല്ല. മാത്രമല്ല, രാജകുടുംബാംഗങ്ങൾ മറ്റുള്ളവരെ പോലെ സാമൂഹ്യ സുരക്ഷാപെൻഷന് അർഹരാണോയെന്ന് പരിശോധിക്കാൻ പോലും സർക്കാരിന്റെ പക്കൽ മാർഗങ്ങളൊന്നുമില്ല.
2020-21ൽ രാജകുടുംബങ്ങൾക്ക് ലഭിച്ച
പെൻഷൻ/അലവൻസ് (രൂപയിൽ)
കോഴിക്കോട് സാമൂതിരി കുടുംബം: 2,46,25,000
തിരുവിതാംകൂർ രാജകുടുംബം: 40,23,120
മുൻ രാജാക്കന്മാർക്ക് ലഭിച്ച പെൻഷൻ : 2,36,40,999
കൊച്ചിയിലെ മുൻ മഹാരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള പെൻഷൻ: 15,96,534
കൊച്ചി രാജകുടുംബത്തിന് ലഭിച്ച പെൻഷൻ: 1,17,000
പെൻഷൻ ലഭിക്കുന്ന
രാജകുടുംബങ്ങൾ
1.ചെമ്പകശേരി വടക്കേടത്ത് ആറൻമുള പാലസ്
2. ഇരിങ്ങാലക്കുട പാലസ്
3. കടനാട് കോയിക്കൽ പാലസ്
4. കാരപ്പുറം രാജകുടുംബം
5. കാർത്തികപ്പള്ളി പാലസ്
6. കറുത്തേടത്ത് പാഴൂർ മന പാലസ്
7. കായംകുളം പാലസ്
8 . കിളിമാനൂർ പാലസ്
9. കൊടുങ്ങല്ലൂർ രാജകുടുംബം
10. കൊട്ടാരക്കര പാലസ്
11. കൊട്ടാരത്തിൽ കോവിലകം പാലസ്
12. കോട്ടയം കിഴക്കേ കോവിലകം പാലസ്
13. മല്ലിശേരി കോവിലകം പാലസ്
14. മറിയപ്പള്ളി പാലസ്
15. മാവേലിക്കര പാലസ്
16. ഞാവക്കാട്ട രാജകുടുംബ
17. പദ്‌മാലയം പാലസ്
18. പാലിയേക്കര പാലസ്
19. പാലക്കര പാലസ്
20. പള്ളത്ത് പാലസ്
21. പന്തളം പാലസ്
22. പൂഞ്ഞാർ കോയിക്കൽ പാലസ്
23. പുത്തൻ കോവിലകം പാലസ്
24. പുതിയ കോവിലകം പാലസ്
25. തെക്കുംകൂർ കോവിലകം പാലസ്
26. തിരുവിതാംകൂർ രാജകുടുംബം
27. വടക്കുംകൂർ മുടക്കരി കോയിക്കൽ പാലസ്
28. സാമൂതിരി രാജകുടുംബം
29. ചിറയ്‌ക്കൽ കോവിലകം
30. കാവിനിശേരി കോവലികം
31. കിഴക്കേ കോവിലകം
32. പടിഞ്ഞാറേ കോവിലകം
33. പഴയ കോവിലകം
34. കൊച്ചുകോയിക്കൽ ആറന്മുള
35. ഉത്സവമട കൊട്ടാരം
36. സുന്ദരവിലാസം
37. ആലക്കോട് കൊട്ടാരം