afghan-refugee-

ബ്രിട്ടൻ : അഫ്ഗാനിസ്ഥാനിൽ നിന്നും പതിനയ്യായിരത്തോളം അഭയാർത്ഥികളെയാണ് ബ്രിട്ടൻ രക്ഷപ്പെടുത്തി കൊണ്ടുവന്നത്. ഇവരിൽ എണ്ണായിരത്തോളം പേർ അഫ്ഗാൻ പൗരൻമാരാണ്. തങ്ങളുടെ സൈനികരെ അഫ്ഗാനിൽ സഹായിച്ചവരെയാണ് പ്രധാനമായും ബ്രിട്ടൻ അഭയാർത്ഥി പട്ടികയിൽ പെടുത്തി കൊണ്ടുവന്നത്. ബ്രിട്ടനിൽ എത്തിച്ചവരെ പാർപ്പിച്ചിരിക്കുന്നത് ഹോട്ടലുകളിലാണ്. സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ഇവരെ പുതിയ വീടുകളിലേക്ക് മാറ്റാം എന്ന ഉറപ്പാണ് അധികാരികൾ നൽകിയിരുന്നത്. എന്നാൽ എത്തി രണ്ട് മാസമായിട്ടും തങ്ങളെ തടവിലെന്ന പോലെ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയാണ് അഫ്ഗാൻ പൗരൻമാർ. ഇനിയും തങ്ങൾക്ക് ഇത് സഹിക്കാനാവില്ലെന്നും, മികച്ച സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ തിരികെ അഫ്ഗാനിലേക്ക് അയക്കാനും ഇവർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

അഭയാർത്ഥികളെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് അഫ്ഗാനികൾ രോഷത്തിലാണെന്ന വസ്തുത മാദ്ധ്യമങ്ങളെ അറിയിച്ചത്. അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ സർക്കാർ ഇനിയും പ്രഖ്യാപിക്കാത്തതിൽ അവർ അസ്വസ്ഥരാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ബ്രിട്ടനിൽ നിന്നും കൂടുതൽ പേരെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും ശ്രമിക്കുന്നത്. അഫ്ഗാനിൽ കുടുങ്ങിയ തങ്ങളുടെ പൗരൻമാരെ ഏതുവിധേനയും രക്ഷിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ഖത്തറിന്റെ സഹായത്തോടെയാണ് ഓപ്പറേഷനുകൾ നടക്കുന്നത്.