മോസ്‌കോ : റഷ്യയിലെ ടാട്ടർസ്ഥാനിൽ 23 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകർന്നു വീണു. റഷ്യയിലെ ടാട്ടർസ്ഥാനിൽ നിന്നും യാത്രതിരിച്ച എൽ 410 ടർബോലെറ്റ് വിമാനമാണ് തകർന്നത്. വിമാനം മെൻസെലിൻസ്‌ക് നഗരത്തിൽ പ്രാദേശിക സമയം രാവിലെ 9.11നാണ് തകർന്ന് വീണത്. അപകടത്തിൽ പതിനഞ്ച് പേർ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ രക്ഷപ്പെടുത്തി. യാത്രക്കാരിൽ 21 പേർ പാരച്യൂട്ട് ഡൈവർമാരാണെന്നാണ് റിപ്പോർട്ട്. അടുത്തിടെയായി റഷ്യയിൽ വിമാന അപകടങ്ങൾ പതിവായിരിക്കുകയാണ്. വിമാനങ്ങളുടെ കാലപ്പഴക്കമാണ് അപകടമുണ്ടാവാനുള്ള മുഖ്യകാരണം. കഴിഞ്ഞ മാസം അവസാനം ഖബറോവക്സ് മേഖലയിൽ വിമാന അപകടത്തിൽ ആറുപേർ മരിച്ചിരുന്നു.