ലക്നൗ : ലഖിംപുർഖേരിയിൽ കർഷകർക്ക് നേരെ വാഹനം കയറ്റി ജീവൻ അപഹരിച്ച കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെട്ട സംഭവത്തിൽ വരുൺഗാന്ധിയുടെ തുടരെ തുടരെയുള്ള ട്വീറ്റുകൾ ബി ജെ പിക്ക് തലവേദനയാവുന്നു. ഒമ്പത് കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് വരുൺ ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിയുടെ മകനെ കേസിൽ നിന്നും രക്ഷിക്കുവാൻ പൊലീസ് ആദ്യം മുതൽക്കേ ശ്രമിച്ചിരുന്നു എങ്കിലും കോടതിയുടെ ഉൾപ്പടെ വിമർശനങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഒടുവിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിശ് കുമാർ മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇപ്പോൾ ലഖിംപുർഖേരിയിലെ സംഘർഷത്തെ ഹിന്ദു സിഖ് സംഘർഷമാക്കി മാറ്റാൻ നീക്കം നടക്കുന്നു എന്നാണ് വരുൺ ആരോപിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ നീക്കമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ദേശീയതക്ക് മേൽ രാഷ്ടീയ ലാഭമുണ്ടാക്കരുതെന്നും അദ്ദേഹം ട്വീറ്റിൽ ഓർമ്മിപ്പിക്കുന്നു. വരുണിന്റെ ട്വീറ്റുകൾ തലവേദനയായതോടെ അദ്ദേഹത്തെയും അമ്മയായ മനേക ഗാന്ധിയേയും അടുത്തിടെ ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
An attempt to turn #LakhimpurKheri into a Hindu vs Sikh battle is being made. Not only is this an immoral & false narrative, it is dangerous to create these fault-lines & reopen wounds that have taken a generation to heal.We must not put petty political gains above national unity
— Varun Gandhi (@varungandhi80) October 10, 2021
അതേസമയം കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയുടെ അവസ്ഥയും പരുങ്ങലിലാണ്. അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നും ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. ബിജെപിയിലെ ശക്തനായ
അമിത്ഷായുടെ സംരക്ഷണമാണ് അജയ്കുമാറിന് തുണയാവുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഖിംപുർഖേരിയിലെ സംഭവങ്ങൾ തിരിച്ചടിയാവുമോ എന്ന ഭയവും ബി ജെ പിയിലുണ്ട്.