പാറശാലയിൽ ഡീസൽ വില 100.08 രൂപ; പെട്രോൾ വില 106.66 രൂപ
കൊച്ചി: കൊവിഡിൽ ദുരിതത്തിലായ പൊതുജനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി പെട്രോളിന് പിന്നാലെ സംസ്ഥാനത്ത് ഡീസൽ വിലയും 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിൽ വില ലിറ്ററിന് 100.08 രൂപയായി. ഇടുക്കി പൂപ്പാറയിൽ 100.05 രൂപ.
തുടർച്ചയായ ആറാം ദിവസമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ 30 പൈസ വർദ്ധിച്ച് പെട്രോളിന് 106.39 രൂപയായി. 37 പൈസ ഉയർന്ന് ഡീസലിന് 99.82 രൂപ. കഴിഞ്ഞ ജൂൺ അവസാനവാരമാണ് സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ ഭേദിച്ചത്.
2.16
കഴിഞ്ഞ ആറു ദിവസമായി സംസ്ഥാനത്ത് ഡീസലിന് കൂടിയത് 2.16 രൂപ, പെട്രോളിന് 1.76 രൂപ.
116.18
രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും ഉയർന്നവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ. പെട്രോളിന് 116.18 രൂപ. ഡീസലിന് 106.86 രൂപ. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കാശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലും ഇന്ധനവില നേരത്തേ 100 രൂപ കടന്നിരുന്നു.
എങ്ങനെ
ബാധിക്കും?
പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉള്ളവർ ഇന്ധനത്തിന് അധിക പണം മുടക്കണം; ഇത് കുടുംബ
ബഡ്ജറ്റിന്റെ താളം തെറ്റിക്കും
കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്കും ഡീസൽ ഉപയോഗിക്കുന്നുണ്ട്. ഫലത്തിൽ, വിവിധ ഉത്‌പന്നങ്ങൾക്കും വില ഉയരും.
ചരക്കുകൂലിയും വർദ്ധിക്കുമെന്നതിനാൽ അസംസ്കൃതവസ്‌തു വില കുതിക്കും
ബസ്, ഓട്ടോ, ടാക്‌സി നിരക്കുകളും ഉയരും.
എന്തുകൊണ്ട്
വിലവർദ്ധന?
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ വാങ്ങൽവില കഴിഞ്ഞവർഷം ഒക്‌ടോബറിൽ ബാരലിന് 40 ഡോളറായിരുന്നത് കഴിഞ്ഞദിവസം 80 ഡോളറിലെത്തി.
പെട്രോൾ, ഡീസൽ റീട്ടെയിൽവിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികൾ.
കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് : 32.90 രൂപ, ഡീസലിന് 31.80 രൂപ.
സംസ്ഥാന നികുതി പെട്രോളിന് 30.08% വില്പന നികുതി+ലിറ്ററിന് ഒരു രൂപ അഡി. വില്പന നികുതി+ഒരു ശതമാനം നികുതി
ഡീസലിന് 22.76% വില്പന നികുതി+ലിറ്ററിന് ഒരു രൂപ അഡി. വില്പന നികുതി+ഒരു ശതമാനം നികുതി
ക്രൂഡ് വില കുറയുകയോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുകയോ ചെയ്യാതെ ഇന്ധനവില താഴില്ല.
കൊവിഡിലെ
വിലക്കയറ്റം
(തിരുവനന്തപുരം വില)
കഴിഞ്ഞവർഷം ജൂണിൽ പെട്രോൾ വില 72.99 രൂപ. ഇപ്പോൾ 106.39 രൂപ; വർദ്ധന 33.4 രൂപ.
2020 ജൂണിൽ ഡീസൽ വില 67.19 രൂപ; ഇപ്പോൾ 99.82 രൂപ; വർദ്ധന 32.63 രൂപ.