ചെന്നൈ: കിടപ്പുമുറിയിലെ എ.സി.പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഭാര്യയും ഭർത്താവും വെന്തുമരിച്ചു. മധുര ആനയൂർ എസ്.വി.പി. നഗറിലെ ശക്തിക്കണ്ണനും (43) ഭാര്യ ശുഭയുമായാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
എ.സിയിൽ തകരാറുണ്ടായതിനെ തുടർന്ന് മുറിയിൽ പുക നിറഞ്ഞു. ദമ്പതിമാർ മുറിക്ക് പുറത്തിറങ്ങുന്നതിന് മുമ്പ് എ.സി പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിന്ശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.
ശക്തിക്കണ്ണൻ, ശുഭ, മക്കളായ കാവ്യ, കാർത്തികേയൻ എന്നിവർ ഒരുമിച്ചാണ് വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങാൻ കിടന്നത്. മഴ പെയ്തതിനെ തുടർന്ന് മുറിയിൽ തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് മക്കൾ താഴത്തെ നിലയിലെ മുറിയിലേക്ക് മാറി. ഒന്നാംനിലയിലെ മുറിയിൽ തീപടർന്നത് കണ്ട സമീപവാസികളാണ് മക്കളെ വിളിച്ച് വിവരം അറിയിച്ചത്. എന്നാൽ, ഇതിനകം മുറിയിലേക്ക് കടക്കാൻ സാധിക്കാത്ത വിധം തീ പടർന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.