cbi-director

മുംബയ്: ഫോൺടാപ്പിംഗ്, രേഖചോർത്തൽ കേസുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടറും മുൻ മഹാരാഷ്ട്ര ഡി.ജി.പിയുമായ ശുബോദ് കുമാർ ജയ്സ്വാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബയ് പൊലീസ് സൈബർ സെൽ.

ഔദ്യോഗിക രഹസ്യനിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊലീസിലെ അഴിമതിയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ശുബോദ് കുമാറിനെതിരെ കേസെടുത്തത്. ഒക്‌ടോബർ 14ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാവാനാണ് നിർദ്ദേശം. മുംബയ് പൊലീസിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുവെന്ന റിപ്പോർട്ട് ഐ.പി.എസ് ഉദ്യോഗസ്ഥ രശ്മി ശുക്ല, അന്ന് ഡി.ജി.പിയായിരുന്ന ജയ്സ്വാളിന് നൽകിയിരുന്നു. ഈ റിപ്പോർട്ട് ചോർന്നതിനെക്കുറിച്ചാണ് അന്വേഷണം.

മാർച്ച് 26ന് തന്നെ സംസ്ഥാന ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരാതിയിൽ കേസെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴാണ് കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേസമയം, തനിക്കെതിരായ കേസ് വ്യാജമാണെന്നാണ് രശ്മി ശുക്ലയുടെ വാദം.