സിംഗപ്പൂർ: 2021മിസ് വേൾഡ് സിംഗപ്പൂർ ഫിനാലെയിൽ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലിൽ മലയാളിയായ നിവേദ ജയശങ്കർ സെക്കൻഡ് പ്രിൻസസ് കിരീടം ചൂടി. ഖായി ലിങ് ഹോയാണ് മിസ് വേൾഡ് സിംഗപ്പൂർ വിജയി.
മിസ് വേൾഡ് സിംഗപ്പൂരിന്റെ ഫൈനൽ റൗണ്ടിലെത്തിയ ഏക ഇന്ത്യക്കാരിയാണ് നിവേദ.
മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വിൽ അംബാസഡർ ടൈറ്റിലുകളും നിവേദ വിജയിച്ചു.
മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയാണ്. സിംഗപ്പൂരിലെ യൂണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റായി ജോലി ചെയ്യുന്നു. ഒപ്പം അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്ന എൻ.ജി.ഒ യുടെ വോളണ്ടിയറായും പ്രവർത്തിക്കുന്നു.
സിംഗപ്പൂർ മലയാളികളായ ജയശങ്കറിന്റെയും നന്ദിത മേനോന്റെയും മൂത്ത മകളാണ്.
എസ്.ടി മൈക്രോഇലക്ട്രോണിക്സിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്ന ജയശങ്കർ, സിംഗപ്പൂരിൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. കെ.പി.എം.ജിയിലെ അസോസിയേറ്റ് ഡയറക്ടറായ നന്ദിത മേനോൻ സിംഗപ്പൂരിലെ പ്രമുഖ നടിയാണ്. 26 വർഷമായി സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ജയശങ്കർ ചേർത്തല പാണാവള്ളി സ്വദേശിയും നന്ദിത എറണാകുളം വടക്കൻ പറവൂർ സ്വദേശിയുമാണ്. നിവേദയുടെ ഇളയ സഹോദരി മേഘ്ന സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പഠിക്കുന്നു.