gff

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഡോ.അബ്ദുൾ ഖദീർ ഖാൻ (എ.ക്യു ഖാൻ)​ അന്തരിച്ചു. 85 വയസായിരുന്നു. കഴിഞ്ഞ മാസം 27 ന് ഖാന് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

ഇസ്ലാമാബാദിലെ ഫൈസൽ മസ്ജിദിൽ ഇന്നലെ വൈകിട്ട് സംസ്‌കാരം നടത്തി.

ഖാന്റെ മരണത്തിൽ പാക് പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പാക് പ്രതിരോധ മന്ത്രി പർവേഷ് ഖട്ടക്ക് എന്നിവർ അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തെ 1982 മുതൽ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പാക് പ്രസിഡന്റ് ആരിഫ് അൽവി ട്വീറ്റ് ചെയ്തു. പാകിസ്ഥാനെ ആണവശക്തിയായി ഉയർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും രാജ്യം ഒരിക്കലും അദ്ദേഹത്തിന്റെ സംഭവാവനകൾ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1936ൽ ഇന്ത്യയിലെ ഭോപ്പാലിൽ ജനിച്ച ഡോ. എ.ക്യു. ഖാൻ 1952 ലാണ് അദ്ദേഹം പാകിസ്ഥാനിലേക്ക് കുടിയേറിയത്.

ഇന്ത്യ ആണവ മേഖലയിൽ വലിയ പുരോഗതി കൈവരിച്ച വേളയിൽ പാകിസ്ഥാന്റെ ആണവ പരീക്ഷണങ്ങൾക്ക് നേതൃത്വം നല്കുകയും രാജ്യത്തിന് വേണ്ടി അണുബോംബ് നിർമ്മിക്കുകയും ചെയ്തത് ഖാന്റെ മേൽനോട്ടത്തിലായിരുന്നു. ഇതിനായി അദ്ദേഹം 1976 ൽ ഖാൻ റിസർച്ച് ലബോറട്ടറീസ് എന്ന സ്ഥാപനം രൂപീകരിച്ചു. ഇസ്ലാമിക രാജ്യങ്ങളിൽ ആദ്യമായി അണുബോംബ് വികസിപ്പിച്ച രാജ്യമെന്ന ഖാതി പാകിസ്ഥാന് നേടിക്കൊടുത്തത് പിന്നിൽ എ.ക്യൂ ഖാനായിരുന്നു. എന്നാൽ പാകിസ്ഥാന്റെ ആണവ സാങ്കേതിക വിദ്യ ഇറാൻ, ലിബിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്ക് കൈമാറിയത് അദ്ദേഹത്തെ വിവാദ പുരുഷനാക്കി. ഖാന്റെ ഈ നീക്കത്തെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു.

പിന്നീട് കുറ്റം ഏറ്റുപറഞ്ഞതോടെ അന്നത്തെ പാക് പ്രസിഡന്റ് പർവേഷ് മുഷറഫ് , ഖാന് മാപ്പ് നല്കുകയായിരുന്നു. കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ ഖാൻ 2004 മുതൽ വീട്ടുതടങ്കലിലായിരുന്നു. 2006 ൽ അർബുദബാദിതനായെങ്കിലും വൈകാതെ രോഗമുക്തനായി. 2009ൽ ഇദ്ദേഹത്തിന്റെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ഇദ്ദേഹത്തിന് പൊലീസ് അകമ്പടി ഏർപ്പെടുത്തിയിരുന്നു.