ക്വീൻസ്‌ലാൻഡ്: ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യിൽ 14 റൺസിന് തോറ്റ ഇന്ത്യൻ വനിതാടീം 0-2ന് പരമ്പരയും അടിയറവ് വച്ചു. ആസ്‌ട്രേലിയ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അർദ്ധസെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്റർ സ്മൃതി മന്ഥാനയ്ക്ക് (52)മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലംഉപേക്ഷിച്ചിരുന്നു. രണ്ടാം ട്വന്റി 20 യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായിക ഹർമന്‍പ്രീത് കൗറിന്റെ തീരുമാനം പാളി. തകർത്തടിച്ച ആസ്‌ട്രേലിയ 61 റൺസെടുത്ത ബേത്ത് മൂണിയുടെയും 44 റൺസടിച്ച താഹ്‌ലിയ മഗ്രാത്തിന്റെയും മികവിലാണ് 149 ലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റെടുത്തപ്പോൾ രേണുക സിംഗ്, പൂജ വസ്ത്രാകർ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
150 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പന്‍ പ്രകടനമാണ് സ്മൃതി കാഴ്ചവെച്ചത്. 49 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 52 റൺസെടുത്തു. 23 റൺസ് വീതമെടുത്ത ജെമീമ റോഡ്രിഗസും റിച്ച ഘോഷും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ആസ്‌ട്രേലിയയ്ക്ക് വേണ്ടി നിക്കോള കാരി രണ്ട് വിക്കറ്റെടുത്തപ്പോൾ ആഷ്‌ലി ഗാർഡ്‌നർ, ജോർജിയ വാറെഹാം, അനബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആസ്‌ട്രേലിയയുടെ ആൾറൗണ്ടർ താഹ്‌ലിയ മഗ്രാത്ത് മത്സരത്തിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.