ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർക്കാണ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥയിലുള്ള വ്യതിയാനങ്ങൾ കമ്പ്യൂട്ടർ മോഡലിലൂടെ പ്രവചിക്കുന്ന ഗവേഷണമാണ് ഇവർ നടത്തുന്നത്. വളരെ സങ്കീർണമായ ക്രമമില്ലാത്ത മാറ്റങ്ങളിൽ പോലും ആഗോളതാപനത്തിന്റെ അർത്ഥം തിരയാൻ ഈ പഠനത്തിലൂടെ സാധിച്ചുവത്രെ. ഇവരുടെ ഗവേഷണഫലം നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കാൻ പോകുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള COP 26 എന്ന UN സമ്മേളനത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പറയുന്നു. ആശാവഹമായ തീരുമാനങ്ങളിലേയ്ക്ക് ലോക നേതാക്കന്മാർക്കു വഴികാട്ടിയാവാൻ പുതിയ കണ്ടുപിടിത്തത്തിനു സാധിക്കട്ടെ.
ഇത്തവണ രസതന്ത്രത്തിലെ നോബൽ സമ്മാനം രസതന്ത്രത്തെ കൂടുതൽ ഹരിതാഭമാക്കുമെന്നു കരുതുന്ന ഓർഗാനോ ക്യാറ്റലിസ്റ്റുകളെക്കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർക്കാണ്. മരുന്നുകളുടെ നിർമ്മാണത്തിൽ നിർണായകമാണത്രേ കണ്ടുപിടിത്തം. കൃത്യതയുള്ള കണക്കുകളിലൂടെ ശാസ്ത്രജ്ഞർ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കട്ടെ.
ആഴത്തിലും പരപ്പിലും കാണാനുള്ള കണ്ണുകൾ ശാസ്ത്രലോകത്തിനുണ്ടാവണം. വെള്ളം ചേർക്കാത്ത, രാഷ്ട്രീയമില്ലാത്ത, ശുദ്ധശാസ്ത്രസത്യങ്ങൾ ലോകത്തിനു വഴികാട്ടികളാകണം.
2018 ൽ സാമ്പത്തിക ശാസ്ത്രത്തിനു ലഭിച്ച നോബൽ സമ്മാനവും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിനായിരുന്നു. അന്ന് നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ വാദിച്ചത് (William Nordhaus) ) 3 ഡിഗ്രി ആഗോള താപനമുണ്ടായാൽ 2.1ശതമാനം കുറവാണ് ഗ്ലോബൽ GDP യിലുണ്ടാകുന്നത് എന്നാണ്. ഇതുകൊണ്ട് ലോകത്തിനുണ്ടാകുന്ന നഷ്ടം അത്ര വലുതല്ലെന്ന് പ്രവചിച്ചതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടേണ്ടതിന്റെ ആവശ്യകതയെ ഇടിച്ചു കാണിച്ചു.
ലോകനേതാക്കളുടെ ഭൂമിയോടുള്ള കൊള്ളരുതായ്മ നിറഞ്ഞ സമീപനത്തിന് വളംവയ്ക്കാനേ ഇത്തരം പ്രവചനങ്ങൾ ഉപകരിച്ചുള്ളൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 2018ൽ തന്നെയാണ് ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് വിദ്യാർത്ഥിനിയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ മേൽപ്പറഞ്ഞ നോബൽ ജേതാവിനെക്കാൾ ജനശ്രദ്ധ ആകർഷിക്കാനിടയായത്. പുതിയ തലമുറ കുറച്ചുകൂടി ഗൗരവതരമായി കാലാവസ്ഥാ വ്യതിയാനത്തെ കാണാൻ തുടങ്ങാൻ ഗ്രേറ്റയുടെ പ്രശസ്തി ഇടയാക്കുകയും ചെയ്തു.
നാല് അമേരിക്കൻ പ്രസിഡന്റുമാർക്ക് നൽകിയ നോബൽ സമ്മാനം, അഞ്ചുതവണ നോമിനേഷൻ വന്നിട്ടും മഹാത്മാഗാന്ധിക്ക് നൽകാത്തതിനുള്ള കാരണം അദ്ദേഹം ദേശഭക്തനും ദേശീയവാദിയും ആണെന്നതത്രേ! മനുഷ്യരാശിക്കുവേണ്ടി സമാധാനം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിൽ ആത്മാർത്ഥശ്രമം നടത്തി തങ്ങളുടെ യജ്ഞങ്ങളിൽ വിജയിച്ചവരെല്ലാവരും ലോകത്താൽ പുരസ്കൃതരാകാറില്ല എന്നുള്ളത് വാസ്തവം. ആരാലും അറിയപ്പെടാതെ മനുഷ്യരാശിക്കായി സുകൃതം ചെയ്തു കടന്നുപോകുന്ന, കടന്നുപോയ പരസഹസ്രം പുണ്യാത്മാക്കളെ നന്ദിയോടെ ഓർക്കാൻ മാത്രം കൃതജ്ഞതാബോധമുള്ളവരാണ് മനുഷ്യർ എന്നു കരുതുക അസാദ്ധ്യം.
വേണ്ട കാര്യത്തിനു പണം ചെലവഴിക്കുക, സാർത്ഥകമായ കാര്യങ്ങൾക്കായി സമയം ചെലവഴിയ്ക്കുക ഇതൊക്കെ ഒരു മനുഷ്യ ജീവിതം ധന്യമാക്കുന്നു. ഇന്ത്യയിൽ ഒരു പൗരൻ തന്റെ വരുമാനത്തിന്റെ 3.5 ശതമാനമാണത്രേ ഭക്ഷണത്തിനായി ചെലവഴിക്കുന്നത്. ന്യൂയോർക്കുകാരനാകട്ടെ 0.6 ശതമാനം മാത്രമാണ് ആഹാരത്തിനായി ചെലവാക്കുന്നത് . അമേരിക്ക ഒരു വർഷം 732 ബില്യൺ ഡോളർ മിലിട്ടറിക്കായി ചെലവാക്കുമ്പോൾ ഇന്ത്യ ചെലവഴിയ്ക്കുന്നത് 71 ബില്യൺ ഡോളറാണ്. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇതു വലിയ തുകയാണ്. നാം ആയുധങ്ങൾ വാങ്ങിക്കൂട്ടാനും പട്ടാളത്തെ തീറ്റിപ്പോറ്റാനുമായി ചെലവഴിയ്ക്കുന്ന ഭീമമായ തുക നോക്കൂ. സുരക്ഷ ഏതു സമൂഹത്തിനും പ്രധാനമാണ്. സുരക്ഷ ആയുധങ്ങളുടെ തണലിൽ മാത്രമാകാതിരിക്കണം. അതിന് അതിരുകൾക്കപ്പുറം നിറയുന്ന പരസ്പരവിശ്വാസം ശക്തിപ്പെടണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അധികമാകരുത്. സ്വയം ആത്മവിശ്വാസവും കരുത്തും വേണം. സുരക്ഷ ഓരോ പൗരന്റെയും കൂടി കടമയാണെന്ന ബോദ്ധ്യം വേണം. ആദിമ മനുഷ്യൻ പ്രകൃതിയോടു പൊരുതിയാണു ജീവിച്ചത്. പിന്നീട് പ്രകൃതിയെ മെരുക്കി സ്വന്തം 'ആവശ്യങ്ങൾക്കായി" ഉപയോഗിക്കാൻ പഠിച്ചു. കൃഷി, ആഹാരം, സുരക്ഷ ഇവയ്ക്കൊക്കെ അപ്പുറവും ജീവിതത്തിൽ വളരെ വിലപ്പെട്ടത് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞ മനുഷ്യൻ സുകുമാരകലകൾ, ആരാധന എന്നിവയിലേക്കൊക്കെ കടന്നു.
കണ്ടുപിടിത്തങ്ങളുടെയും ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയുമൊക്കെ ലോകത്തിലേയ്ക്കു കടന്ന മനുഷ്യൻ താൻ അനുദിനം പുരോഗമിക്കുകയാണെന്ന് അഭിമാനിച്ചു. എന്നാൽ വെട്ടിപ്പിടിക്കാനും സുഖങ്ങൾ തേടാനുമുള്ള ത്വര മനുഷ്യനെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ എത്തിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ അഹങ്കാരം വെടിഞ്ഞ് അത്യാവശ്യങ്ങൾക്കു മാത്രം പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്ന തലത്തിലേയ്ക്കു മനുഷ്യൻ മാറേണ്ടിയിരിക്കുന്നു.
സ്വയംപര്യാപ്തമായ ഗ്രാമ ആവാസവ്യവസ്ഥകളും ലളിതമായ അനുഷ്ഠാനങ്ങളുമൊക്കെയുള്ള ലോക മായി നമ്മുടെ ലോകം മാറേണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവിന്റെ തുടക്കം തന്നെയാകുന്നു കാലാവസ്ഥാവ്യതിയാനത്തെ
കുറിച്ചുള്ള ആകുലതയും കരുതലും. കാലാവസ്ഥാവ്യതിയാനം ഓരോ ലോകനേതാക്കന്മാരുടെയും പ്രധാന ചിന്തയും ചുമതലയുമായി മാറേണ്ടിയിരിക്കുന്നു. ലോകത്തെ മഹാഭൂരിപക്ഷം മനുഷ്യരും കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ മേലുണ്ടാക്കുന്ന സമ്മർദ്ദവും മാറ്റവും എത്ര ദൂരവ്യാപകമാണെന്ന് തിരിച്ചറിയുകയും വേണം. തിരിച്ചറിഞ്ഞാൽ മാത്രം പോരാ; മുങ്ങിത്താഴാൻ പോകുന്ന ഒരു വള്ളത്തിലിരുന്നു കൊണ്ട് ആരെങ്കിലും തങ്ങളെ രക്ഷിക്കുമെന്നു കരുതി വള്ളത്തിന്റെ ഉള്ളിലെ ഓട്ടയടയ്ക്കാൻ യാതൊരു ശ്രമവും നടത്താത്ത യാത്രക്കാരനെപ്പോലെ നിസഹായനും നിസംഗനുമായി ഇരുന്നാൽപ്പോരാ, തന്നാലാവുന്നത് ചെയ്യാനുള്ള ശ്രമം ഉണ്ടാവുക തന്നെ വേണം.