ഓരോ എൻജിനിയറിംഗ് ബിരുദബാച്ചിന്റെയും തൊഴിലില്ലായ്മയുടെ സ്ഥിതിവിവര കണക്കുകൾ, അതിന്റെ കാരണങ്ങൾ, തൊഴിൽ നൈപുണ്യമില്ലായ്മ എന്നിവയെപ്പറ്റി നിരന്തരം റിപ്പോർട്ടുകൾ വരുന്നു. ഇതിനെ അടിസ്ഥാനമാക്കി എൻജിനിയറിംഗ് വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും നിരന്തരം വരുന്നു. എന്നാൽ ഇതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റികൾ മിക്കവാറും കാലഹരണപ്പെട്ട സിലബസുകളിൽ ഏതാനും ചില മാറ്റം വരുത്തുക മാത്രമാണ് ചെയ്യുന്നത്.
കേവലം സിലബസ് മാറ്റത്തിലൂടെ മാത്രം ഒന്നും മാറില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് സംസ്ഥാനത്തെ എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ കഴിഞ്ഞ ദശാബ്ദങ്ങൾ. എ.പി.ജെ. അബ്ദുൾകലാം സർവകലാശാലയിൽ നിന്ന്, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിർദ്ദിഷ്ട ഫലങ്ങൾക്ക് ഉൗന്നൽ നൽകിയപ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അവ കൂടുതലായും പ്രോഗ്രാമുകളിലും കോഴ്സുകളിലും ഒതുങ്ങിപ്പോയി. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അടിസ്ഥാനപരമായ ലക്ഷ്യം യൂണിവേഴ്സിറ്റി പരീക്ഷയിലെ പ്രകടനം മാത്രമായി തുടരുന്നു.
എഴുത്തുപരീക്ഷയിൽ അധിഷ്ഠിതമായ മൂല്യനിർണയ സംവിധാനം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കോളേജിന്റെയും ഗുണനിലവാരത്തിനുള്ള നിർണായക മാനദണ്ഡമായിരിക്കുന്നിടത്തോളം ഈ നിലപാടിൽ ഒരു പുരോഗതിയും വരാനിടയില്ല. ഉദാഹരണമായി 'ഇലക്ട്രിക് വാഹനങ്ങൾ" സിലബസിൽ ചേർക്കുന്നത് പരിഗണിക്കുക. ഒരു മൊഡ്യൂളിൽ ഇലക്ട്രിക് വാഹനം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള സമ്പൂർണ സാങ്കേതിക പഠനം തികച്ചും അസാദ്ധ്യമാണ്. അപ്പോൾ ഇങ്ങനെയൊരു വിഷയം സിലബസിൽ ഉൾപ്പെടുത്തുന്നതിന്റെ 'ഔട്ട് കം" എന്തായിരിക്കണം?
ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണ നൽകാൻ കഴിയുമോ? ഐ.സി എൻജിൻ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രയോജനം അവർ മനസിലാക്കുമോ?
ഇലക്ട്രിക് വാഹനത്തിന്റെ ട്രാൻസ്മിഷൻ സംവിധാനത്തെ ഡയഗ്രത്തിലൂടെ പ്രതിനിധീകരിക്കാൻ അവർക്ക് കഴിയുമോ? ഈ സിലബസ് മാറ്റം എന്തൊക്കെ ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു എന്ന് വ്യക്തമാക്കണം.
സിലബസിൽ 'ഇലക്ട്രിക് വാഹനങ്ങളും" അതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങളും ചേർത്ത് അതിനെ 'പരിഷ്കരിച്ച വിദ്യാഭ്യാസം" എന്ന് വിളിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുന്നത് . എന്നാൽ ഇങ്ങനെ ഫലങ്ങൾ വിശദീകരിക്കുന്നതിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് ഭാവിയിലും പ്രയോജനപ്പെടുന്ന കോഴ്സ് രൂപകല്പന ചെയ്യാൻ കഴിയൂ. അല്ലാത്തപക്ഷം ബിരുദതലത്തിൽ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് 'പഠിപ്പിക്കുന്നു" എന്ന് നമുക്ക് വെറുതെ പറയാം. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് അറിയാമോ എന്ന് ചോദിച്ചാൽ വിദ്യാർത്ഥികൾ അവസരോചിതമായി തലയാട്ടും.
പഠനത്തിന്റെ അവസാനം വിദ്യാർത്ഥിക്ക് കിട്ടിയ അറിവും ധാരണയും പ്രകടമാകുന്നതുൾപ്പെടെ ഈ പഠനത്തിലൂടെ പ്രായോഗികമായി 'എന്തുചെയ്യാൻ" കഴിയുമെന്ന് സിലബസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കണം. ഈ കഴിവുകൾ അവർ ആർജ്ജിച്ചോ എന്ന് പരിശോധിക്കണം. സെമസ്റ്റർ തോറും ആവർത്തിക്കുന്ന മൂന്ന് മണിക്കൂർ പരീക്ഷ അതിന് പര്യാപ്തമല്ല.
കോഴ്സും വിഷയവും ഫാക്കൽറ്റി കൈകാര്യം ചെയ്യുന്ന രീതിയും വിദ്യാർത്ഥികൾ അത് എങ്ങനെ ഏറ്റെടുക്കുമെന്നതും തീരുമാനിക്കുന്നത് ചോദ്യപേപ്പർ അടിസ്ഥാനമാക്കിയുള്ള ക്ളോസ്ഡ് ബുക്ക് സിസ്റ്റം മാത്രമായിരിക്കും. പരീക്ഷയിൽ മികച്ച മാർക്ക് നേടുക മാത്രമായിരിക്കും ലക്ഷ്യം. പരീക്ഷയും മാർക്കും മാത്രം ലക്ഷ്യംവച്ചുള്ള പഠനം കാലഹരണപ്പെട്ടിരിക്കുന്നു. സർവകലാശാല എങ്ങനെയാണ് മൂല്യനിർണയം രൂപകല്പന ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അദ്ധ്യാപന രീതിയും പഠനരീതിയും. ഈ വ്യവസ്ഥാപിത വിടവ് മറികടിക്കാൻ, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ മൂല്യനിർണയ രീതികൾ സർവകലാശാലകൾ തയ്യാറാക്കണം. വിദ്യാർത്ഥിയുടെ വൈദഗ്ദ്ധ്യത്തിനൊപ്പം സെമിനാറുകളിലൂടെയും പ്രോജക്ട്സുകളിലൂടെയും അറിവിന്റെ ആഴവും വിമർശനാത്മക ചിന്തയും പരിശോധിക്കാവുന്ന രീതികൾ അവലംബിക്കണം. ക്രിയാത്മകമായ ഉത്തരങ്ങൾ ആവശ്യപ്പെടുന്ന ഓപ്പൺബുക്ക് പരീക്ഷകൾ വെറും പുസ്തകപ്പുഴു വിജ്ഞാനത്തിൽ നിന്നും മറികടക്കാൻ സഹായിക്കും. കൂടാതെ കൊവിഡ് പ്രതിസന്ധി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഓൺലൈൻ മീറ്റിംഗ് പ്ളാറ്റ്ഫോമുകളായി പരിചയപ്പെടുത്തിയതിനാൽ, വിദൂര മൂല്യനിർണയങ്ങളും നടപ്പിലാക്കാൻ കഴിയും.
'എന്തിന് " ഒരു പുതിയ വിഷയം പഠിപ്പിക്കുന്നു എന്നതും പഠനത്തിന്റെ ഫലം പ്രായോഗികമായി 'എങ്ങനെ" അളക്കും എന്നതും ചേർത്താൽ മാത്രമേ സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ വിഷയങ്ങളെ ആത്മാർത്ഥപൂർവം അടുത്ത തലമുറയിലേക്ക് കൈമാറാൻ കഴിയൂ.
(ലേഖകൻ ട്രിനിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പലാണ്
ഫോൺ: 9495270615 )