പൊതുപ്രവർത്തനവും വ്യക്തിജീവിതവും രണ്ടല്ല, ഒന്നാണെന്നു കേരളത്തോട് പറഞ്ഞ നെട്ടൂർ പി. ദാമോദരനെ പലരും മറന്നു കാണും. ഹെർമൻ ഗുണ്ടർട്ടിന്റെ പത്രാധിപത്യത്തിൽ മലയാളത്തിലാദ്യമായി പുറത്തിറങ്ങിയ രാജ്യസമാചാരം പത്രത്തിന് വേദിയായ തലശേരിയിലെ ഇല്ലിക്കുന്നിൽ നിന്ന് ഒരു വിളിപ്പാടകലെയുള്ള പ്രദേശമാണ് നെട്ടൂർ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് നെട്ടൂർ പി. ദാമോദരൻ പൊതുപ്രവർത്തനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലായ ഇദ്ദേഹത്തെ രണ്ടുവർഷം കർണാടകയിലെ ബെല്ലാരിയിൽ ജയിലിലടച്ചു. പ്രജാപാർട്ടിയുടെ സ്ഥാനാർത്ഥിയായി തലശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിച്ച് 1952ൽ ലോകസഭാംഗമായി. കിസാൻ മസ്ദൂർ പ്രജാ പാർട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
ആ ചരിത്ര മുഹൂർത്തം
1947 ആഗസ്റ്റ് 14 രാത്രി 12 മണി. കേരളക്കരയിൽ ബ്രിട്ടീഷുകാർ ആദ്യമായി താവളമുറപ്പിച്ച തലശ്ശേരി കോട്ടയുടെ മുകളിൽ രണ്ടുപേർ മാത്രം. ഇന്ത്യ സ്വതന്ത്രയാകുന്ന ധന്യനിമിഷം ആഘോഷിക്കാനെത്തിയതാണ് ഇരുവരും. മണി 12 അടിച്ചപ്പോൾ നെട്ടൂർ പി വിളിച്ചു പറഞ്ഞു. 'സ്വതന്ത്ര ഇന്ത്യയിലെ പൗരാ അങ്ങയെ ഞാൻ അഭിവാദ്യം ചെയ്യുന്നു". മറ്റേയാൾ ഉത്തരം നൽകി 'സ്വതന്ത്ര ഇന്ത്യയിലെ പൗരാ അങ്ങയെ ഞാൻ തിരിച്ചും അഭിവാദ്യം ചെയ്യുന്നു".ചരിത്ര പ്രസിദ്ധമായ ആ മുഹൂർത്തം നെട്ടൂർ പി. ആഘോഷിച്ചതങ്ങിനെയായിരുന്നു.
സഞ്ചാരസാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിനെയാണ് നെട്ടൂർ പി. അഭിവാദ്യം ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ അഭിവാദ്യം ഏറെ പ്രസക്തമാണ്. ആ സമയം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു മലബാർ. ആചാര്യ ജെ.ബി. കൃപലാനിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ രൂപംകൊണ്ട കിസാൻ മസ്ദൂർ പ്രജാപാർട്ടിയുടെ കേരളഘടകം കേരള ഗാന്ധി എന്ന പേരിലറിയപ്പെട്ട കെ.കേളപ്പന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു. നെട്ടൂർ പിയും പ്രജാപാർട്ടി പ്രവർത്തകനായി മാറി.
നെട്ടൂർ പി. കമ്മിഷൻ റിപ്പോർട്ട്
1967ൽ നെട്ടൂർ . പിയെ പിന്നാക്കവിഭാഗ സംവരണ കമ്മിഷന്റെ ചെയർമാനായി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമിച്ചു. 1970ൽ കമ്മിഷൻ റിപ്പോർട്ട് നൽകുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. നെട്ടൂർ കമ്മിഷൻ റിപ്പോർട്ട് എന്നറിയപ്പെടുന്ന ഈ രേഖ സംസ്ഥാനത്ത് പല രാഷ്ട്രീയ യുദ്ധങ്ങൾക്കും കാരണമായി. പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതായിരുന്നു ആ റിപ്പോർട്ട്. കേരളത്തിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിലും നെട്ടൂർ കമ്മിഷന്റെ ശുപാർശകൾ മറ്റു പേരുകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ വിവിധ നിയമങ്ങളിലേക്കും പഠനങ്ങളിലേക്കും വഴി കണ്ടെത്തി. കർപ്പൂരി താക്കൂർ ഫോർമുല, പിന്നീട് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തിന് 'താമ്രപത്രം" നൽകി.
കൃഷിവകുപ്പിൽ നിന്ന് വിരമിച്ച ജോ. ഡയറക്ടറായി വിരമിച്ച മകൾ ഹീരാ നെട്ടൂർ പറയുന്നു : 'സൈക്കിളിലാണ് അച്ഛന്റെ യാത്ര. ദൂരെ പോകുമ്പോൾ സ്റ്റാൻഡേർഡ് 10 കാറിലായിരിക്കും. ഗാന്ധിജി തലശ്ശേരി വഴി ട്രെയിനിൽ കടന്നു പോകുന്നുണ്ടെന്നറിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ പോയി ഗാന്ധിജിയുടെ കൈയിൽ മുത്തമിട്ട കഥയും അച്ഛൻ പറഞ്ഞുകേട്ടിരുന്നു. യാത്ര അച്ഛന് എന്നും ലഹരിപകരുന്ന അനുഭവമായിരുന്നു. ദൂരയാത്ര പോകുമ്പോൾ ഞങ്ങളെയും കൂടെക്കൂട്ടും. സ്റ്റാൻഡേർഡ് കാറിലെ സവാരികൾ ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു."
ആദ്യത്തെ ലോകസഭാസമ്മേളനത്തിൽ പ്രസംഗിക്കാനവസരം കിട്ടിയ നെട്ടൂർ പി റെയിൽവേ വികസനത്തെക്കുറിച്ചാണ് പറഞ്ഞിരുന്നത്. തലശ്ശേരി ... മൈസൂർ റെയിൽവേ ലൈൻ, മംഗലാപുരം ... മുംബയ് റെയിൽ ലൈൻ, പയ്യോളി റെയിൽവേ സ്റ്റേഷൻ എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. തലശ്ശേരി ... മൈസൂർ റെയിൽവേ ലൈനിന്റെ ആവശ്യം മനസിലാക്കാനായി അന്നത്തെ റെയിൽമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെ മൈസൂരിൽ നിന്ന് തലശ്ശേരിയിലേക്ക് കാർമാർഗം കൊണ്ടുവരികയും ചെയ്തു . പി. എസ്.പി വിട്ട് കോൺഗ്രസിലേക്ക് നെഹ്റുവുമായുള്ള അടുത്ത ബന്ധവും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസവും നെട്ടൂരിനെ വീണ്ടും കോൺഗ്രസുകാരനാക്കി. നെഹ്റുവിനെ കളരിപ്പയറ്റ്, സർക്കസ് എന്നിവയിൽ ആകൃഷ്ടനാക്കിയതും നെട്ടൂർ പിയാണ്. 1963 ൽ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ പട്ടികജാതി - പട്ടികവർഗ ക്ഷേമത്തിനായുള്ള ഓഫീസർ എന്ന പദവി വഹിച്ചിരുന്നു. റിട്ട. ഡി.ഇ.ഒ പരേതയായ ലീലയാണ് ഭാര്യ. ചിത്രപത്മനാഭൻ, ബി.എസ്.എൻ.എൽ റിട്ട. ചീഫ് എൻജിനിയർ പ്രദീപ് നെട്ടൂർ, യു. എസ് കമ്പനിയിൽ ക്വാളിറ്റി ഓഡിറ്ററായ പ്രമോദ് നെട്ടൂർ എന്നിവർ മക്കളാണ്.
1978 ഒക്ടോബർ 11ന് അറുപത്തഞ്ചാമത്തെ വയസിൽ ഡൽഹിയിൽവച്ചാണ് നെട്ടൂർ പി വിടവാങ്ങിയത്. അദ്ദേഹം താമസിച്ചിരുന്ന നെട്ടൂരിലെ പ്രണാം എന്ന വീട് മക്കൾ പുതുക്കിപണിത് നിലനിറുത്തിയിട്ടുണ്ട്.