ttyty

മോസ്‌കോ: റഷ്യയിലെ ടാട്ടർസ്ഥാൻ മേഖലയിൽ വിമാനം തകർന്ന് 16 പേർ മരിച്ചു. പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള 7 പേരുടെ സ്ഥിതി ഗുരുതരമാണ്. ടാടട്ടർസ്ഥാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപം ഇന്നലെ പ്രാദേശിക സമയം രാവിലെ 9.23 ന് എൽ 410 വിമാനമാണ് തകർന്നു വീണത്. 23 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിൽ 21 പേർ പാരച്യൂട്ട് ജംപർമാരായിരുന്നു. പാരച്യൂട്ടിങ് ക്ലബാണ് വിമാനം ചാർട്ടർ ചെയ്തതെന്നാണ് വിവരം.

അപകടത്തിൽപ്പെട്ട വിമാനം രണ്ടായി പിളർന്നു. റഷ്യൻ സേനകൾക്ക് സഹായം നൽകുന്ന പ്രതിരോധ സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന രണ്ട് എൻജിനുള്ള വിമാനമാണ് എൽ 410. എൻജിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതിന് മുൻപും രണ്ട് എൽ 410 വിമാനങ്ങൾ അപകത്തിൽപ്പെട്ട് 8 പേർ മരിച്ചിരുന്നു. അതേ സമയം റഷ്യയിൽ തുടർച്ചയായി സംഭവിക്കുന്ന വിമാന ദുരന്തങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. വിമാനങ്ങളുടെ കാലപ്പഴക്കമാണ് പ്രധാന കാരണമെന്നാണ് റിപ്പോർട്ട് .