ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐ.പി.എൽ എലിമിനേറ്റർ ഇന്ന്

ഷാർജ : 14-ാം സീസൺ ഐ.പി.എൽ പ്ളേ ഓഫിൽ നിന്ന് ആദ്യം പുറത്താകുന്നത് ആരെന്ന് ഇന്നറിയാം. ഇന്ന് ഷാർജയിൽ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ റോയൽചലഞ്ചേഴ്സ് ബാംഗ്ളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ഇവരിൽ തോൽക്കുന്നവർ എലിമിനേറ്റാകുമ്പോൾ ജയിക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശനം ലഭിക്കും. അവിടെ ആദ്യ ക്വാളിഫയറിലെ പരാജിതരെയാണ് നേരിടേണ്ടത്. ആദ്യത്തെയും രണ്ടാമത്തെയും ക്വാളിഫയറുകളിലെ വിജയികൾ തമ്മിലാണ് ഫൈനൽ നടക്കുന്നത്.

ആർ.സി.ബി Vs കെ.കെ.ആർ

രാത്രി 7.30 മുതൽ

സ്റ്റാർ സ്പോർട്സിൽ ലൈവ്

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളും അഞ്ചു തോൽവികളുമായി മൂന്നാം സ്ഥാനം സ്വന്തമാക്കിയവരാണ് വിരാട് കൊഹ്‌ലി നയിക്കുന്ന ആർ.സി.ബി.

കൊൽക്കത്തയാകട്ടെ പ്രാഥമിക റൗണ്ടിലെ മത്സരങ്ങളിൽ പകുതി മാത്രമാണ് ജയിച്ചത്. മുംബയ്ക്ക് ഒപ്പം 14 പോയിന്റിലായിരുന്നെങ്കിലും റൺറേറ്റിന്റെ മികവിൽ പ്ളേ ഓഫ് സ്ഥാനം കൊൽക്കത്തയെത്തേടിയെത്തുകയായിരുന്നു.

അവസാന രണ്ട് മത്സരങ്ങളിൽ വിജയിച്ചാണ് കൊൽക്കത്ത പ്ളേഓഫിലേക്ക് കടന്നുകൂടിയത്. ബാംഗ്ളൂർ അവസാനമത്സരങ്ങളിലേക്ക് എത്തുന്നതിന് മുന്നേ സ്ഥാനമുറപ്പിച്ചിരുന്നു.

പ്രാഥമിക റൗണ്ടിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ വീതം വിജയം നേടാൻ ഇരുവർക്കുമായി.

ഏപ്രിൽ 18ന് ചെന്നൈയിൽ നടന്ന മത്സരത്തിൽ 38 റൺസിന് ജയിച്ചത് ആർ.സി.ബിയാണ്. സെപ്തംബർ 20ന് അബുദാബിയിൽ വച്ച് കെ.കെ.ആർ ഒൻപത് വിക്കറ്റിന് ആർ.സി.ബിയോട് പകരം വീട്ടി.

ആർ.സി.ബി ക്യാപ്ടനെന്ന നിലയിൽ വിരാട് കൊഹ്‌ലിയുടെ അവസാന ഐ.പി.എല്ലായിരിക്കുമിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ളണ്ടുകാരനായ ഇയോൻ മോർഗനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ.