prasanth-bhooshan

കോഴിക്കോട്: തെക്കൻ കേരളത്തിൽ നിന്നും നാല് മണിക്കൂർ സമയം കൊണ്ട് കാസർകോട് എത്തുന്നതിന് സഹായിക്കുന്ന നിർദ്ദിഷ്‌ട കെ-റെയിൽ പദ്ധതിക്കെതിരെ വിമ‌ർശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. കെ-റെയിൽ പദ്ധതി മറ്റൊരു വെള‌ളാനയാകും. സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിരുന്നപ്പോൾ എക്‌സ്‌പ്രസ് ഹൈവേ പദ്ധതിയെ എതിർത്തവരാണ് സിപിഎം. അവ‌ കെ-റെയിൽ പദ്ധതി നടപ്പാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇതുകൊണ്ട് റിയൽ എസ്‌റ്റേ‌റ്റ് മാഫിയയ്‌ക്ക് മാത്രമേ ഗുണമുണ്ടാകൂവെന്നും കാട്ടിലപ്പീടികയിൽ കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ഈ പദ്ധതി നടപ്പാക്കും മുൻപ് ഇവിടെ സമീപത്ത് തന്നെ താമസിക്കുന്ന ഇ.ശ്രീധരൻ ഉൾപ്പടെ വിദഗ്ദ്ധരോട് ചോദിക്കാമായിരുന്നു. അവരോട് ഉപദേശം തേടാമായിരുന്നെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പരിസ്ഥിതിക്ക് വലിയ ദോഷണാണെന്നും കേരളത്തെ നെടുകെ മുറിക്കുകയും ചെയ്യുന്ന കെ-റെയിൽ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എം.കെ മുനീർ നേതൃത്വത്തിലെ സമിതി യുഡിഎഫിന് റിപ്പോർട്ട് ചെയ്‌തു.

955.13 ഹെക്‌ടർ ഭൂമി 11 ജില്ലകളിൽ നിന്ന് ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സ്ഥലത്തെ ഏരിയൽ സർവെ മാത്രമാണ് പൂർത്തിയായത്. 14 ജില്ലകളിലും ഭൂമിയേ‌റ്റെടുക്കലുണ്ടാകും. ഇതിന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്‌ർടറും തഹസീൽദാർ ഓഫീസുകളുമുൾപ്പടെ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.

നിലവിൽ 12 മണിക്കൂറോളമെടുക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള‌ള യാത്രാസമയം നാല് മണിക്കൂർ വരെയാക്കി ചുരുക്കി പരമാനധി 200 കിലോമീ‌റ്റ‌ർ വേഗത്തിൽ സഞ്ചരിക്കാനുദ്ദേശിക്കുന്ന റെയിൽ പദ്ധതിയാണ് കെ-റെയിൽ. തിരുവനന്തപുരം വിട്ടാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം,എറണാകുളം, കൊച്ചി വിമാനത്താവളം,തൃശൂ‌ർ, തിരൂർ, കോഴിക്കോട്,കണ്ണൂർ എന്നിവയാണ് കാസർകോട് എത്തുന്നതിന് മുൻപുള‌ള സ്‌റ്റോപ്പുകൾ. ഇതിൽ കോഴിക്കോട് ഭൂമിക്കടിയിലാണ് സ്‌റ്റേഷൻ.