zxds

ദോഹ: അഫ്ഗാനിൽ നിന്നുള്ള സേനാപിന്മാറ്റം പൂർത്തിയായതിന് ശേഷം താലിബാൻ നേതൃത്വവുമായി വീണ്ടും ഔദ്യോഗിക ചർച്ചകൾ ആരംഭിച്ച് യു.എസ് ഭരണകൂടം. ദോഹയിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടത്തിയതെന്ന് താലിബാൻ വക്താവ് പ്രതികരിച്ചു.അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടരുതെന്നും പുതിയ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും യു.എസ് നടത്തരുതെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അഫ്ഗാനിലെ ആക്ടിങ് വിദേശകാര്യമന്ത്രിയായ അമീർ ഖാൻ മുത്താഖിയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ നിലവിലെ സർക്കാരിനെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് അഫ്ഗാൻ ജനതയെ പ്രശ്നങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അഫ്ഗാന്റെ വ്യോമപാത അതിർത്തി ലംഘിക്കരുതെന്നും അഫ്ഗാൻ സെൻട്രൽ ബാങ്കിന് മേൽ യു.എസ് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും താലിബാൻ ആവശ്യപ്പെട്ടതായി മുത്താഖി കൂട്ടിച്ചേർത്തു. എന്നാൽ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന കാര്യം ചർച്ചാവിഷയമായിട്ടില്ലെന്നാണ്അമേരിക്കൻ വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചത്. അതേസമയം കൊറോണ വാക്സിനുകൾ അഫ്ഗാനിസ്താന് വിതരണം ചെയ്യാൻ തയ്യാറാണെന്ന് യുഎസ് പ്രതിനിധികൾ അറിയിച്ചതായി നെഡ് പ്രൈസ് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാന് വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് താത്പ്പര്യമെന്ന് താലിബാൻ പറഞ്ഞു. അതേ സമംയ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ നേരിടാൻ യു.എസ് സഹായം ആവശ്യമില്ലെന്നാണ് താലിബാൻ നിലപാട്. രാജ്യത്ത് സജീവമായ ഐസിസ് തീവ്രവാദികളെ കൈകാര്യം ചെയ്യാൻ താലിബാന് കഴിയുമെന്ന് താലിബാൻ രാഷ്ട്രീയകാര്യ വക്താവ് സുഹൈൽ ഷഹീൻ അവകാശപ്പെട്ടിരുന്നു.

അതെ സമയം അഫ്ഗാനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുകയാണെന്നും ലോകരാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്ത സഹായം ഉടൻ കൈമാറണമെന്നും യു.എൻ അഭയാർഥി ഏജൻസി അഭ്യർത്ഥിച്ചു. അയൽ രാജ്യങ്ങളലേക്കുള്ള അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി വിലങ്ങു തടിയാകുകയാണെന്നും ഐക്യരാഷ്ട്രസഭ അഭയാർത്ഥികാര്യ ഹൈകമ്മീഷണർ വക്താവ് ബാബർ ബലൂച് ഇസ്ലാമാബാദിൽ പറഞ്ഞു. യുദ്ധത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന് ലഭിച്ചിരുന്ന മിക്ക അന്താരാഷ്ട്ര സഹായങ്ങളും നിർത്തലാക്കി. സെൻട്രൽ ബാങ്കിന്റെ വിദേശത്തുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മരവിപ്പിച്ചത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.