allianz-air

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം വിജയിച്ചതിന്റെ ചുവടുപിടിച്ച് പ്രാദേശിക വിമാനക്കമ്പനിയായ അലയൻസ് എയറിന്റെ ഓഹരികളും അതിവേഗം വിറ്റഴിക്കാനുള്ള നടപടികൾക്ക് കേന്ദ്രം തുടക്കമിടുന്നു. എയർ ഇന്ത്യയുടെ കീഴിലായിരുന്ന അലയൻസ് എയറിനെ, ഓഹരി വില്പനയ്ക്ക് മുന്നോടിയായി കേന്ദ്രം സ്വതന്ത്രമാക്കിയിരുന്നു.

ടാറ്റയുമായുള്ള കരാറിൽ ഉൾപ്പെടാത്ത അലയൻസ് എയർ, 14718 കോടി രൂപ മതിക്കുന്ന മറ്റ് ആസ്‌തികൾ എന്നിവ വിറ്റഴിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹീൻ കാന്ത പാണ്ഡേ പറഞ്ഞു. അലയൻസ് എയർ വില്പനയിലൂടെ മാത്രം 2,000 കോടി രൂപ കേന്ദ്രം പ്രതീക്ഷിക്കുന്നു.

61,562 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയർ ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഇതിൽ 15,300 കോടി രൂപ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപയുടെ ബാദ്ധ്യത കേന്ദ്രം എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ) എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) കൈമാറിയിരുന്നു. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമായ എ.ഐ. സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിവിധ കെട്ടിട സമുച്ചയങ്ങളും ഈ എസ്.പി.വിയുടെ കൈവശമാണ്. ഇവ വിറ്റഴിച്ച് കിട്ടുന്ന പണം കടംവീട്ടാനുപയോഗിക്കും.

പ്രതിദിനം 20 കോടി രൂപയുടെ നഷ്‌ടത്തിന് പുറമേ ഇക്വിറ്റിമൂല്യം നെഗറ്റീവ് 32,000 കോടി രൂപയായ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയെ വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചത്. 2009-10ൽ എയർ ഇന്ത്യയ്ക്ക് പ്രവർത്തനസഹായമായി 1.10 ലക്ഷം കോടി രൂപയും കേന്ദ്രം നൽകി. ബാദ്ധ്യത കൂടുന്നത് ഒഴിവാക്കുകയും വിറ്റൊഴിയലിന്റെ ലക്ഷ്യമായിരുന്നു.

അലയൻസ് എയർ

എയർ ഇന്ത്യയുടെ ഉപസ്ഥാപനമായിരുന്ന പ്രാദേശിക വിമാന സർവീസ് കമ്പനി. ചെറു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ്. 48 നഗരങ്ങളിലേക്കായി സർവീസ് നടത്തുന്നത് 19 വിമാനങ്ങൾ. 2019-20ൽ കുറിച്ചത് 201 കോടി രൂപ അറ്റനഷ്‌ടം.

എയർ ഇന്ത്യ: ധാരണാപത്രം ഉടൻ

എയർ ഇന്ത്യയുടെ ഓഹരി വില്പന സംബന്ധിച്ച ധാരണാപത്രം ടാറ്റയുമായി അടുത്തയാഴ്‌ച ഒപ്പുവയ്ക്കുമെന്ന് ദിപം സെക്രട്ടറി തുഹീൻ പാണ്ഡേ പറഞ്ഞു. ഡിസംബറിനകം തന്നെ എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടി ടാറ്റാ സൺസ് പൂർത്തിയാക്കും.

 പ്രവർത്തിക്കുന്ന 118, അറ്റകുറ്റപ്പണി നടക്കുന്ന 23 എന്നിങ്ങനെ മൊത്തം 141 വിമാനങ്ങളാണ് എയർ ഇന്ത്യയെ വാങ്ങിയതിലൂടെ ടാറ്റയ്ക്ക് ലഭിക്കുന്നത്.

 അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ടാറ്റ 1,200 കോടി രൂപ ചെലവിടണം.

 കാബിൻ നവീകരണത്തിന് 1,800 കോടി രൂപയും വേണം.

 നിലവിൽ എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നിവയിൽ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.

 എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ചേരുന്നതോടെ ടാറ്റയുടെ ഓഹരി പങ്കാളിത്തം നാല് വിമാനക്കമ്പനികളിലാകും.