മുംബയിലെ ഹോട്ടലും കൈക്കലാക്കി
കൊല്ലം: സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയ്ക്ക് പിന്നാലെ പ്രീതിയും. മഹാരാഷ്ട്രയിലെ പൂനെയിൽ താമസക്കാരിയായിരുന്ന കൊട്ടാരക്കര വാളകം പൊടിയാട്ടുവിള മധുമന്ദിരത്തിൽ മധുസൂദനൻ പിള്ളയുടെയും അംബികയുടെയും മകൾ പ്രീതിയാണ് (29) കേരളത്തിൽ സ്ത്രീധന വിപത്തിന്റെ ഒടുവിലത്തെ ഇര. എത്രയധികം സംഭവങ്ങൾ അരങ്ങേറിയിട്ടും സ്ത്രീധനമെന്ന വിപത്തിനെ അമർച്ച ചെയ്യാൻ സാധിക്കാത്തത് അപമാനകരമാണ്. ബുധനാഴ്ചയാണ് പ്രീതിയെ പൂനയിലുള്ള ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ച് വർഷം മുമ്പായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. പതിറ്റാണ്ടുകൾക്ക് മുമ്പ് ജോലി തേടി നാടുവിട്ട മധുസൂദനൻ പിള്ള വർഷങ്ങളായി ഡൽഹിയിലാണ് താമസം. ഫാഷൻ ടെക്നോളജി പഠനം പൂർത്തിയാക്കിയ മകൾക്ക് മാട്രിമോണിയൽ സൈറ്റ് വഴി നൽകിയ പരസ്യം കണ്ടാണ് ആലപ്പുഴ സ്വദേശിയും പൂനയിൽ സ്ഥിരതാമസക്കാരനായ അഖിലിന്റെ വിവാഹാലോചന വന്നത്. മുംബയിൽ ബെൻസ് വാഹന കമ്പനിയുടെ ഡീലറെന്ന പേരിലായിരുന്നു വിവാഹാലോചന. എന്നാൽ വിവാഹത്തിന് ശേഷമാണ് ബെൻസിന്റെ ടയറുകൾ വിൽക്കുന്ന ഷോപ്പാണ് അഖിലിനുള്ളതെന്ന് മനസിലായത്. 120 പവൻ നൽകിയായിരുന്നു വീട്ടുകാർ പ്രീതിയുടെ വിവാഹം നടത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനും മറ്റ് കാര്യങ്ങൾക്കുമെന്ന പേരിൽ പലപ്പോഴായി വൻ തുകകൾ അഖിലും അമ്മയും പ്രീതിയുടെ അച്ഛനിൽ നിന്ന് വാങ്ങിയിരുന്നു. ഒരു കോടിയോളം രൂപ കഴിഞ്ഞ അഞ്ച് വർഷത്തിനകം പല തവണയായി വാങ്ങി. ഏറ്റവും ഒടുവിൽ മുംബയിൽ പ്രീതിക്ക് വീട്ടുകാർ വാങ്ങി നൽകിയ ഒരു ഹോട്ടലും അഖിൽ കൈക്കലാക്കി. അതിനുശേഷം പ്രീതിക്ക് വാളകത്ത് കുടുംബസ്വത്തായുള്ള വസ്തുക്കളും മറ്റ് സ്വത്തുക്കളും നൽകണമെന്നാവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രീതിയെ അഖിലും മാതാവും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് സൂചന.
കാത്തിരുന്നു, എത്തിയത് മകളുടെ മരണവാർത്ത
ഭർത്താവിലും കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥകൾ അച്ഛനമ്മമാരോടും സഹോദരനോടും പലപ്പോഴായി വെളിപ്പെടുത്തിയിരുന്ന പ്രീതിയോട് ഡൽഹിയിലെ വീട്ടിലേക്ക് ചെല്ലാൻ വീട്ടുകാർ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഡൽഹിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം പൂനെയിലെ വീട്ടിൽ പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതിയുടെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ സംസ്കരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ പൂനെയിൽ നിന്ന് ഒരാൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ഉടൻ പൂനയിലെത്തി മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്താനും ബന്ധുക്കൾക്ക് കൈമാറാനും അഖിൽ തയ്യാറായത്. പ്രീതിയുടെ ശരീരത്തിലാകമാനം പരിക്കുകളും കാലിൽ ഒടിവുണ്ടായി പ്ലാസ്റ്റർ ഇട്ടിരിക്കുന്നതും കണ്ടെത്തിയതാണ് മരണം കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്. തുടർന്ന് നിയമ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് അഖിലിനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മരണവിവരം ഒളിപ്പിച്ചതെന്തിന്?
നിത്യവും മാതാപിതാക്കളുമായി ആശയ വിനിമയം നടത്താറുണ്ടായിരുന്ന പ്രീതിയുടെ ഫോണിൽ അവളുടെ അച്ഛനമ്മമാരുടെയും സഹോദരന്റെയും ഫോൺ നമ്പറുകൾ ഉണ്ടെന്നിരിക്കെ അഖിലോ അമ്മയോ പ്രീതിയുടെ മരണം വീട്ടുകാരെ അറിയിക്കാൻ തയ്യാറായിരുന്നില്ല. മകൾ ആത്മഹത്യ ചെയ്തതാണെങ്കിൽ പോലും അക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതെന്തു കൊണ്ടെന്നാണ് പ്രീതിയുടെ ബന്ധുക്കൾ ചോദിക്കുന്നത്. മകൾക്ക് അപായം സംഭവിച്ച വിവരം അറിഞ്ഞ് പ്രീതിയുടെ വീട്ടുകാർ അഖിലിനെ ബന്ധപ്പെടുകയും മഹാരാഷ്ട്രയിലേക്ക് വരുന്നതായി അറിയിക്കുകയും ചെയ്തെങ്കിലും മൃതദേഹം വീട്ടുകാരെത്തും മുമ്പ് സംസ്കരിക്കാൻ ശ്രമിച്ചതും ദുരൂഹമായ നടപടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രീതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുവന്ന ബന്ധുക്കൾ സംഭവത്തിൽ അഖിലിനും അമ്മയ്ക്കുമെതിരെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബെൻസ് ഡീലറെന്ന പേരിൽ വിവാഹം നടത്തി പറ്റിച്ചതും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളും മകൾക്ക് നേരിടേണ്ടിവന്ന പീഡനങ്ങളും തെളിവ് സഹിതം പൊലീസിനെ ബോദ്ധ്യപ്പെടുത്താനാണ് നീക്കം. വർഷങ്ങളായി മഹാരാഷ്ട്രയിൽ താമസക്കാരയതിനാൽ അഖിലും കുടുംബവും അവിടുത്തെ പൊലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതിനാൽ കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി മകളുടെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാനും സ്ത്രീധന വിപത്തിന് അറുതി വരുത്താനുമാണ് പ്രീതിയുടെ കുടുംബത്തിന്റെ നീക്കം.