arrest

ഗുവാഹത്തി: അസമിലെ രണ്ട് ജയിലുകളില്‍ 85 തടവുകാർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഒരുമാസത്തിനുള്ളിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നാഗോണിലെ സെന്‍ട്രല്‍, സ്‌പെഷ്യല്‍ ജയിലുകളിലാണ് സംഭവം.

ലഹരി മരുന്ന് ഉപയോഗമാണ് രോഗം പടർന്നതിന് പിന്നിലെന്നാണ് റിപ്പോർട്ട്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. ജയിലുള്ള മിക്ക അന്തേവാസികള്‍ക്കും തടവിലാകുന്നതിന് മുന്‍പേ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ നിരവധി പേര്‍ ജയിലുകളിലുണ്ട്. അവരിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്‌പെഷ്യല്‍ ജയിലില്‍ 45പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ടുപിടിച്ച് പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.