lic

ചെന്നൈ: എൽ.ഐ.സി ദക്ഷിണമേഖലയുടെ, അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് മന്ദിരം ചെന്നൈ അണ്ണാശാലയിൽ പ്രവർത്തനം ആരംഭിച്ചു. തുടക്കകാലം മുതൽ തന്നെ ഇന്ത്യയുടെ ധനകാര്യ, അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനത്തിൽ കൈമുദ്ര പതിപ്പിച്ച സ്ഥാപനമാണ് എൽ.ഐ.സിയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടയിലും ഉപഭോക്തൃസൗഹൃദവും മാതൃകാപരവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ എൽ.ഐ.സി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

1959 ആഗസ്‌റ്റ് 23ന് അന്നത്തെ കേന്ദ്ര ധനമന്ത്രി മൊറാർജി ദേശായ് ഉദ്ഘാടനം ചെയ്‌തതാണ് ചെന്നൈ അണ്ണാശാലയിലെ എൽ.ഐ.സി ബിൽഡിംഗ്. 87 ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്. ഇംഗ്ളണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. ചെന്നൈയിലെ ആദ്യ അംബരചുംബിയായ ഈ മന്ദിരം 1961വരെ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. 35വർഷക്കാലം ചെന്നൈയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവുമായിരുന്നു.

ചെന്നൈയിൽ ഇലക്‌ട്രിക് എലവേറ്ററും സെൻട്രലൈസ്ഡ് എ.സിയുമുള്ള ആദ്യ മന്ദിരമെന്ന പട്ടവും എൽ.ഐ.സി ബിൽഡിംഗിനായിരുന്നുവെന്ന് ദക്ഷിണ മേഖലാ സോണൽ മാനേജർ കെ. കദിരേശൻ പറഞ്ഞു.