യുവേഫ നേഷൻസ് ലീഗ് ലൂസേഴ്സ് ഫൈനലിൽ ഇറ്റലി 2-1ന് ബെൽജിയത്തെ കീഴടക്കി.
മിലാൻ : യുവേഫ നേഷൻസ് ലീഗിലെ മൂന്നാം സ്ഥാനം നേടിയെടുത്ത് യൂറോ കപ്പ് ജേതാക്കളായ ഇറ്റലി. ഇന്നലെ മിലാനിലെ സ്വന്തം തട്ടകത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബെൽജിയത്തെ കീഴടക്കിയായിരുന്നു ഇറ്റലിയുടെ സ്ഥാനാരോഹണം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 46-ാം മിനിട്ടിൽ ബറേലയും 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബെരാഡിയുമാണ് ഇറ്റാലിയൻ ഗോളുകൾ നേടിയത്.കരാസ്കോയും ബത്ഷുവായ്‌യും അവസരങ്ങൾ പാഴാക്കിയപ്പോൾ 86-ാംമിനിട്ടിൽ ഡി കെറ്റെലെയറാണ് ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടിയത്.
സെമിയിൽ സ്പെയ്‌നിനോട് തോറ്റതോടെയാണ് ഇറ്റലിക്ക് ലൂസേഴ്സ് ഫൈനലിന് ഇറങ്ങേണ്ടിവന്നത്. ബെൽജിയം സെമിയിൽ ഫ്രാൻസിനോടാണ് തോറ്റത്. ഇക്കഴിഞ്ഞ യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ പുറത്താക്കിയത് ഇറ്റലിയായിരുന്നു.