dtrt

വാഷിംഗ്ടൺ : അമേരിക്കൻ ട്രാൻസ് വേൾഡ് എയർലൈൻസ് വിമാന റാഞ്ചലിന്റെ സൂത്രധാരനായ അലി അത്വ (60) അർബുദം ബാധിച്ച് മരിച്ചു. വിമാനം റാഞ്ചിയ ശേഷം 16 ദിവസമാണ് അലിയടങ്ങിയ റാഞ്ചൽ സംഘം യാത്രക്കാരെ ബന്ദിയാക്കിയത്. 2001ൽ അത്വയെ എഫ്.ബി.ഐ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. അത്വയെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 50 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 1985 ജൂൺ 14 ന് ഗ്രീസിലെ ആതൻസിൽ നിന്ന് റോമിലേക്ക് 153 യാത്രക്കാരുമായി പറന്ന വിമാനമാണ് ഹിസ്ബുൾ അംഗമായ അലി അത്വയും സംഘവും റാഞ്ചിയത്. ഇതിൽ 85 പേർ അമേരിക്കക്കാരായിരുന്നു. ഇസ്രയേൽ ജയിലിൽ തടവിലുള്ള ലബനീസ്, പാലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവത്തിൽ ഒരു യു.എസ് നാവിക സേനാംഗം കൊല്ലപ്പെട്ടിരുന്നു. റാഞ്ചലിനൊടുവിൽ അത്വയെ പിടികൂടിയെങ്കിലും കൂടെയുള്ളയാൾ ബന്ദികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അയാളെ വിട്ടയച്ചു. . റാഞ്ചലിന്റെ മറ്റൊരു സൂത്രധാരൻ മുഹമ്മദ് അലി ഹമ്മദി 1987 ൽ ജർമനിയിൽ വച്ച് പിടിയിലായിരുന്നു.