ബെയ്‌റൂട്ട്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വൈദ്യുതി ഉത്പ്പാദനം പൂർണമായി തടസപ്പെട്ടതിനെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യമായ ലബനൻ ഇരുട്ടിൽ. വൈദ്യുത ഉല്പാദ കേന്ദ്രങ്ങളുടെ പ്രവർത്തനം രാജ്യത്ത് പൂർണമായി തടസ്സപ്പെട്ടതോടെ തലസ്ഥാന നഗരവും രാജ്യത്തെ വാണിജ്യ കേന്ദ്രവുമായ ബെയ്റൂട്ട് അടക്കം ഇരുട്ടിലായിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ലബനനിൽ പവർ ഗ്രിഡുകളുടെ പ്രവർത്തനത്തിനായുള്ള ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം ഇല്ലാത്തതിനാൽ രാജ്യത്തെ എല്ലാ വൈദ്യുത നിലയങ്ങളും അടച്ചിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്താകമാനം 3600 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളിടത്ത് 3 മാസത്തോളമായി 700 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. ഇതും കൂടി നിലച്ചതോടെയാണ് സ്ഥിതി പരിതാപകരമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലബനനിലെ കറൻസിയായ ലബനീസ് പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലാണ്. കടുത്ത വിലക്കയറ്റത്തിലൂടെ കടന്നു പോകുന്ന രാജ്യത്ത് നിക്ഷേപങ്ങൾ പൂർണമായും പിൻവലിച്ചതോടെ ബാങ്കുകൾ തകർന്നു. ലബനനിലെ ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്റ്റ്,ജോർദാൻ,സിറിയ തുടങ്ങിയ രാജ്യങ്ങൾ സഹായിക്കാൻ സന്നദ്ധ്ത അറിയിച്ചിട്ടുണ്ട്.