ന്യൂഡൽഹി: എഴുപതിലേറെ കമ്പനികൾ ചേർന്ന് 970 കോടി ഡോളർ (ഏകദേശം 71,500 കോടി രൂപ) സമാഹരിച്ചിട്ടും 2021ൽ ഇതുവരെ ആഗോളതലത്തിൽ നടന്ന പ്രാരംഭ ഓഹരി വില്പന സമാഹരണത്തിൽ (ഐ.പി.ഒ) ഇന്ത്യയുടെ പങ്കാളിത്തം വെറും മൂന്നു ശതമാനം. 33,066 കോടി ഡോളറിന്റെ (24.35 ലക്ഷം കോടി രൂപ) ഐ.പി.ഒ സമാഹരണമാണ് ഈവർഷം ജനുവരി-സെപ്തംബറിലായി ലോകത്താകെ നടന്നത്.
72 ഐ.പി.ഒകൾക്ക് ഇന്ത്യ സാക്ഷിയായി. ഇത് ആഗോള ഐ.പി.ഒ എണ്ണത്തിന്റെ 4.4 ശതമാനമാണെന്ന് കൺസൾട്ടിംഗ് സ്ഥാപനമായ എൺസ്റ്റ് ആൻഡ് യംഗിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 1,635 ഐ.പി.ഒകൾ ആഗോളതലത്തിൽ നടന്നു. അമേരിക്കൻ ഓഹരി വിപണികളാണ് (നാസ്ഡാക്ക്, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്) പട്ടികയിൽ ഒന്നാമത്.
ചൈന (ഷാങ്ഹായ്), ഹോങ്കോംഗ് (എച്ച്.കെ.എക്സ്, ജെം) എന്നിവ യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങളിലെത്തി. 11-ാം സ്ഥാനത്താണ് ഇന്ത്യയുടെ എൻ.എസ്.ഇ., ബി.എസ്.ഇ എന്നിവ.