കുടുംബത്തിൽ പുതിയ അംഗമെത്തിയ 'വിശേഷം' സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്‌ലുവും. കുഞ്ഞു 'മിയ'യുടെ ചിത്രമാണ് ഇരുവരും ആരാധകരെ കാണിച്ചത്. ആരാണീ മിയയെന്ന് നെറ്റി ചുളിക്കേണ്ട. ഇവരുടെ പുതിയ നായ്‌ക്കുട്ടിയുടെ പേരാണ് മിയ.
'ഞങ്ങളുടെ കുടുംബത്തിലെ ആദ്യ കുട്ടി. ഒടുവിൽ കാജലിനെ പറഞ്ഞ് സമ്മതിപ്പിച്ചു' എന്ന പേരിലാണ് ഗൗതം കിച്‌ലു നായ്‌ക്കുട്ടിയുടെ ചിത്രം പങ്കുവച്ചത്. അതേസമയം തന്നെ അറിയുന്നവർക്കെല്ലാം ചെറുപ്പത്തിലേ തനിക്ക് നായകളെ പേടിയായിരുന്ന കാര്യം അറിയാമെന്നും എന്നാൽ ഗൗതം കിച്‌ലുവിന് നായ്‌ക്കളെ വലിയ ഇഷ്‌ടമാണെന്നും എല്ലാവരെയും ഉൾക്കൊളളാനും സ്‌നേഹിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നതായും മിയ ജീവിതത്തിൽ സന്തോഷവും ആവേശവും ഒപ്പം കഠിനാധ്വാനവും കൊണ്ടുവന്നതായും കാജൽ കുറിക്കുന്നു.
2020 ഒക്‌ടോബർ 30നാണ് ഇരുവരും വിവാഹിതരായത്. 2004ൽ ബോളിവുഡ് ചിത്രമായ 'ക്യൂൻ ഹോഹയാ'യിലൂടെ അഭിനയരംഗത്തെത്തിയ കാജൽ അഗർവാൾ നിരവധി തമിഴ്, തെലുങ്ക് ഹിറ്റ് ചിത്രങ്ങളിൽ നായികയായി. ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ഇന്ത്യൻ 2, രമേശ് അരവിന്ദ് സംവിധാനം ചെയ്‌ത പാരിസ് പാരിസ് എന്നിവയുൾപ്പടെ ഒരുപിടി ചിത്രങ്ങളാണ് കാജലിന്റെതായി ചിത്രീകരണം പുരോഗമിക്കുന്നത്.