ipl

ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐ.പി.എൽ ഫൈനലിൽ

ഡൽഹി ക്യാപ്പിറ്റൽസ് 172/5,ചെന്നൈ 173/6

ദുബായ് : ഐ.പി.എൽ 14-ാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നാലുവിക്കറ്റിനാണ് ചെന്നൈ തകർത്തത്. 173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ രണ്ട് പന്തുകൾ ബാക്കിനിൽക്കെയാണ് വിജയത്തിലെത്തിയത്. ഓപ്പണർ റിതുരാജ് ഗെയ്ക്ക്‌വാദ് (70), റോബിൻ ഉത്തപ്പ (63) എന്നിവരുടെ പോരാട്ടവും അവസാന ഓവറിലെ ധോണിയുടെ
(18*) നോട്ടൗട്ടുമാണ് ചെന്നൈയ്ക്ക് വിജയം നൽകിയത്.

തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ പ്രതീക്ഷകൾ തീർന്നിട്ടില്ല. ഇന്നത്തെ എലിമിനേറ്റിൽ വിജയിക്കുന്നവരെ ബുധനാഴ്ച രണ്ടാം ക്വാളിഫയറിൽ തോൽപ്പിച്ചാൽ ഡൽഹിക്ക് ഫൈനലിലെത്താം.

ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് എടുത്തത്.തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർ പൃഥ്വി ഷായുടെയും (60)നായകൻ റിഷഭ് പന്തിന്റെയും(51*) അർദ്ധസെഞ്ച്വറികളും , ഷിമ്രോൺ ഹെട്മേയറുടെ (37)മികച്ച പിന്തുണയുമാണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്.