കാബൂള്‍ : അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കൂട്ടപലായനമായിരുന്നു ഉണ്ടായത്. വിദേശികൾക്കൊപ്പം അഫ്ഗാൻ സ്വദേശികളും രാജ്യം വിട്ടവരിൽപ്പെടുന്നു. അഫ്ഗാനിൽ നിന്ന് വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങൾ ആറും മറന്നിട്ടില്ല. കാബൂളില്‍ നിന്ന് രക്ഷപ്പെട്ടവർ പലരും യൂറോപ്പിലേക്കും അമേരിക്കയിലും ഇന്ത്യയിലുമാണ് അഭയംതേടിയത്. . ചിലർ ഗൾഫ് രാജ്യങ്ങളിലുമെത്തി.
എന്നാൽ രണ്ടുമാസത്തിനിപ്പുറം പലരും നാട്ടിലേക്ക് തിരികെപോകാൻ ആഗ്രഹിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ അഭയം തേടിയവരും ഇവരിൽപ്പെടുന്നു. ബ്രിട്ടന്‍ അഭയം നല്‍കിയവരിലും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്ന് 106 അഫ്ഗാൻ സ്വദേശികളാണ് കഴിഞ്ഞ ദിവസം കാബൂളിലേക്ക് മടങ്ങിപ്പോയത്. ആദ്യ ബാച്ച് കഴിഞ്ഞ ദിവസം കാബൂളിലെത്തി. പ്രത്യേക വിമാനത്തില്‍ ഇറാനിലേക്കും അവിടെ നിന്ന് കാബൂളിലേക്കുമായിരുന്നു യാത്ര. ആഗസ്റ്റ് 15ന് മുമ്പ് ജോലി സംബന്ധമായും ചികിത്സയ്ക്കുമായി എത്തിയവരാണ് ഇവരിൽ കൂടുതൽപേരും. .
ഇവരിൽ പലരുടെയും കൈവശം ഭക്ഷണത്തിനും താമസത്തിനും പണമില്ലാത്ത അവസ്ഥയാണ് എന്ന് അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിലുള്ള കുടുംബങ്ങളെ ആലോചിച്ചാണ് പലരും മടങ്ങുന്നത്. ഇന്ത്യയില്‍ തങ്ങാന്‍ പണമില്ല. താലിബാന്‍ ഭരണം പിടിച്ച സാഹചര്യത്തില്‍ തിരിച്ചുചെന്നാല്‍ എന്താകുമെന്നും അറിയില്ല. ഈ അവസ്ഥയിലാണ് പൗരന്‍മാര്‍ എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനികളില്‍ ചിലര്‍ ഡല്‍ഹിയിലെ എംബസിയെ സമീപിക്കുകയായിരുന്നു. എംബസി അധികൃതര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. പൗരന്‍മാര്‍ക്ക് തിരിച്ചുപോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. അഫ്ഗാന്‍ എംബസി പാകിസ്താന്‍ ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയിലെ ഇറാന്‍ എംബസിയുമായും അഫ്ഗാന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇറാന്റെ മഹന്‍ വിമാനത്തില്‍ അഫ്ഗാന്‍കാരെ നാട്ടിലെത്താക്കാനുള്ള വഴി ഒരുക്കി. ഇന്ത്യയിലുള്ള 1000ത്തോളം അഫ്ഗാന്‍ പൗരന്‍മാര്‍ തിരിച്ച് പോകാന്‍ തയ്യാറായിട്ടുണ്ട്. എത്രയും വേഗം അവര്‍ക്ക് സൗകര്യം ഒരുക്കുമെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു.