പ്രതിമാസ നിക്ഷേപം ആദ്യമായി ₹10,000 കോടി കടന്നു
കൊച്ചി: മ്യൂച്വൽഫണ്ടുകളിൽ തവണകളായി നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനിന് (എസ്.ഐ.പി) പ്രിയമേറുന്നു. മാസം, ത്രൈമാസം എന്നിങ്ങനെ കുറഞ്ഞത് 500 രൂപ മുതൽ തവണകളായി നിക്ഷേപിക്കാവുന്ന എസ്.ഐ.പിയിലൂടെ കഴിഞ്ഞമാസം മ്യൂച്വൽഫണ്ടുകളിലെത്തിയത് 10,351 കോടി രൂപയാണ്.
ചരിത്രത്തിൽ ആദ്യമാണ് പ്രതിമാസ നിക്ഷേപം 10,000 കോടി രൂപ ഭേദിക്കുന്നത്. ആഗസ്‌റ്റിലെ നിക്ഷേപം 9,923 കോടി രൂപയായിരുന്നുവെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. കഴിഞ്ഞമാസം എസ്.ഐ.പികളുടെ എണ്ണം (ഫോളിയോ) 26.79 ലക്ഷമെന്ന റെക്കാഡിലുമെത്തി. മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന എസ്.ഐ.പി ആസ്‌തിമൂല്യം (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എം.എം.യു) 5.27 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 5.45 ലക്ഷം കോടി രൂപയായി.
കുതിക്കുന്ന നിക്ഷേപം
മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്‌തി (എ.എം.യു) ആഗസ്‌റ്റിലെ 36.59 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് കഴിഞ്ഞമാസം റെക്കാഡ് 36.74 ലക്ഷം കോടി രൂപയായി. എസ്.ഐ.പി മുഖേനയുള്ള പണമൊഴുക്കാണ് കരുത്തായത്.