കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി കൊവിഡിന് മുമ്പത്തേക്കാൾ മികച്ച നിലയിൽ മുന്നേറുന്നു. സെപ്‌തംബറിൽ 21.35 ശതമാനം വളർച്ചയോടെ 3,334 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. 2020 സെപ്‌തംബറിൽ 2,756 കോടി ഡോളറായിരുന്നു വരുമാനം. 2019 സെപ്തംബറിലെ 2,602 കോടി ഡോളറിനേക്കാൾ 28.51 ശതമാനവും അധികമാണിത്.
ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കഴിഞ്ഞമാസം 3,052 കോടി ഡോളറിൽ നിന്ന് 84.47 ശതമാനം വർദ്ധിച്ച് 5,638 കോടി ഡോളറായി. 2019 സെപ്‌തംബറിലെ 3,769 കോടി ഡോളറിനേക്കാൾ 49.58 ശതമാനം വളർച്ചയുമുണ്ടായി. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ ഇറക്കുമതി 27,592 കോടി ഡോളറാണ്; മുൻവർഷത്തെ സമാനകാലത്തെ 15,131 കോടി ഡോളറിനേക്കാൾ വർദ്ധന 82.36 ശതമാനം. 2019ലെ സമാനകാലത്തേക്കാൾ 11.22 ശതമാനവും വർദ്ധിച്ചു.
കയറ്റുമതി ഇക്കുറി എപ്രിൽ-സെപ്‌തംബറിൽ 56.92 ശതമാനം മുന്നേറി 19,711 കോടി ഡോളറിലെത്തി. 2020-21ലെ സമാനകാലത്ത് 12,561 കോടി ഡോളറായിരുന്നു. 2019-20ലെ സമാനകാലത്തെ 15,914 കോടി ഡോളറിനേക്കാൾ 28.51 ശതമാനവും കൂടുതലാണിത്.
$7,881 കോടി
കയറ്റുമതിക്ക് ആനുപാതികമായി ഇറക്കുമതിയും കുതിക്കുന്നതിനാൽ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മിയും ഉയരുന്നുണ്ട്. സെപ്‌തംബറിലെ വ്യാപാരക്കമ്മി 2,294 കോടി ഡോളറാണ്. ഏപ്രിൽ-സെപ്‌തംബറിലെ കമ്മി 7,881 കോടി ഡോളർ.