chennai

ദുബായ്: ബെസ്‌റ്റ് ഫിനിഷറായ ധോണിയുടെ വിന്റേജ് തകർത്താട്ടത്തിൽ ഐപിഎൽ ഫൈനൽ സ്വപ്‌നം തക‌ർന്ന് ഡൽഹി ക്യാപിറ്റൽസ്. ഇടയ്‌ക്ക് തുടരെ ചെന്നൈ വിക്കറ്റുകൾ നേടി ടോം കറൻ ഉയർത്തിയ ഭീഷണി മൂന്ന് ഫോറും ഒരു സിക്‌സും നേടി മറികടന്ന് ധോണി (6 പന്തിൽ പുറത്താകാതെ 18) സൂപ്പർ കിംഗ്‌സിനെ ഫൈനലിലെത്തിച്ചു.

രണ്ടാം വിക്കറ്റിൽ ഋതുരാജ് ഗെയ്‌ക്‌വാദ്-റോബിൻ ഉത്തപ്പ സഖ്യം നേടിയ 110റൺസ് ചെന്നൈയുടെ വിജയത്തെ സ്വാധീനിച്ചു. ഗെയ്‌ക്‌വാദ് 50 പന്തുകളിൽ 70 റൺസും ഉത്തപ്പ 44 പന്തുകളിൽ 63 റൺസും നേടി.

ടോസ് നേടിയ ചെന്നൈ ഡൽഹിയെ ആദ്യം ബാറ്റ് ചെയ്യാനയച്ചു. ടീം സ്‌കോർ 36ൽ നിൽക്കെ മുൻ നായകൻ ധവാൻ(7) പുറത്ത്. എന്നാൽ തകർപ്പൻ അടിയിലൂടെ മറുവശത്ത് പ്രിഥ്വി ഷാ (34 പന്തുകളിൽ 60) ചെന്നൈ ബൗള‌ർമാരെ കണക്കിന് ശിക്ഷിച്ചു. ധവാന് പിന്നാലെയെത്തിയ ശ്രേയസ് അയ്യ‌ർ നിരാശപ്പെടുത്തി(1), അക്‌സർ പട്ടേൽ(10) വേഗം പുറത്തായി. തുടർന്ന് ക്രീസിലെത്തിയ നായകൻ ഋഷഭ് പന്ത് തന്റെ സ്ഥിരം ബാറ്റിംഗ് ശൈലിയിൽ തകർത്താടി (35 പന്തുകളിൽ 51).വെസ്‌റ്റിൻഡീസ് താരം ഹെത്‌മെയ്ർ(34) നല്ല പിന്തുണയേകി. ഒടുവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ ഡൽഹി 172 റൺസ് നേടി. ചെന്നൈയ്‌ക്ക് ജയിക്കാൻ 173 റൺസ്.

dhoni

മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്‌ക്ക് മൂന്ന് റൺസ് മാത്രം സ്‌കോർബോർഡിലുള‌ളപ്പോൾ ഫാഫ് ഡുപ്ളെസിയെ (1) നഷ്‌ടമായി. നോർജെക്കായിരുന്നു വിക്കറ്റ്. എന്നാൽ പിന്നീടെത്തിയ റോബിൻ ഉത്തപ്പ, ഓപ്പണ‌ർ ഋതുരാജ് ഗെയ്‌ക്‌വാദുമായി ചേർന്ന് തകർത്താടി.

സ്‌കോർ 113ൽ നിൽക്കെ ഉത്തപ്പ പുറത്തായി. ടോം കറനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ ശാർദുൽ ധാക്കൂറിനെയും കറൻ മടക്കി(0). അംബാട്ടി റായിഡു(1) റൺ ഔട്ടായി വേഗം പുറത്തായി. ഇതോടെ കൂട്ടത്തകർച്ച ഭീഷണിയിലെത്തിയ ചെന്നൈയെ ഗെയ്‌ക്‌വാദും മൊയീൻ അലിയും(16) ചേ‌ർന്ന് മുന്നോട്ട് നയിച്ചു. എന്നാൽ സ്‌കോർ 149ൽ നിൽക്കുമ്പോൾ ഗെയ്‌ക്‌വാദും 160ൽ നിൽക്കെ മൊയീൻ അലിയും പുറത്തായി. എന്നാൽ തുടർന്ന് ഡൽഹിയുടെ സമ്മർദ്ദത്തെ സമർത്ഥമായി തടുത്ത നായകൻ ധോണി ചെന്നൈയെ ഫൈനലിലെത്തിച്ചു.