പെലെയുടെ ഗോളുകളുടെ എണ്ണത്തിനൊപ്പം സുനിൽ ഛെത്രിയും സാഫ് കപ്പിൽ മാൽദീവ്സിനെ 1-0ത്തിന് തോൽപ്പിച്ച് ഇന്ത്യ മാലെ : ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സാഫ് കപ്പിൽ ഇന്ത്യയുടെ ആദ്യ വിജയവും നായകൻ സുനിൽ ഛെത്രിയുടെ ഇതിഹാസ നേട്ടവും. അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ ബ്രസീലിയൻ ഇതിഹാസം പെലെയുടെ 77 ഗോളുകളുടെ എണ്ണത്തിനൊപ്പമെത്തിയ ഇന്ത്യൻ നായകൻ സുനിൽ ഛെത്രിയുടെ ഗോളാണ് ഇന്നലെ സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മാൽദീവ്സിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നൽകിയത്. മത്സരത്തിന്റെ 82-ാം മിനിട്ടിലാണ് ഇന്ത്യൻ നായകൻ ആരാധകർ കാത്തിരുന്ന ഗോൾ നേടിയത്. ടൂർണമെന്റിലെ ഛെത്രിയുടെ രണ്ടാം ഗോളാണിത്. ഈ ഗോളിലൂടെ വിജയം കണ്ട ഇന്ത്യ ടൂർണമെന്റിലെ ഫൈനൽ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. 123 മത്സരങ്ങളിൽ നിന്നാണ് ഛെത്രി 77 ഗോളുകൾ നേടിയത്. 92 മത്സരങ്ങളിൽ നിന്നാണ് പെലെ 77 ഗോളുകൾ നേടിയിരുന്നത്. 112 ഗോളുകൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരം. സുനിൽ ഛെത്രിയും പെലെയും മാത്രമല്ല യു.എ.ഇയുടെ അലി മബ്ഖൂത്തും 77 ഗോളുകൾ നേടിയിട്ടുണ്ട്. മത്സരങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോൾ 10-ാം സ്ഥാനത്താണ് ഛെത്രി. പെലെ എട്ടാമതും മബ്ഖൂത്ത് ഒൻമപതാമതും. 2005 ജൂൺ 12ന് പാകിസ്ഥാനെതിരെയാണ് ഛെത്രി ആദ്യ ഗോൾ സ്കോർ ചെയ്തത്.