yhgyt

കാബൂൾ : യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിൽ എത്രയും പെട്ടെന്ന് സഹായം എത്തിച്ചില്ലെങ്കിൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പോഷകാഹാര ദൗർലഭ്യം നേരിടാനും മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പ് നല്കി.

കഴിഞ്ഞയാഴ്ച അഫ്ഗാൻ സന്ദർശിച്ച യുണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഒമർ അബ്ദിയാണ് ഇക്കാര്യം അറിയിച്ചത്.കാബൂളിലെ ഇന്ദിരാഗാന്ധി ചിൽഡ്രൻ ഹോസ്പിറ്റലിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഒമർ അബ്ദിയുടെ പ്രതികരണം. രാജ്യത്ത് ഇതിനോടകം തന്നെ പല കുട്ടികൾക്കും അഞ്ചാംപനി പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കുട്ടികൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട ആരോഗ്യ പരിചരണം, പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ,​ പോഷകാഹാരം ലഭ്യമാക്കൽ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും അതിന് വേണ്ടി ഉടൻ മാർഗങ്ങൾ കാണണമെന്നും അദ്ദേഹം താലിബാൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ ത്വരിതഗതിയിലാക്കണമെന്നും ഒമർ അബ്ദി നിർദ്ദേശിച്ചു.

ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഒമർ അബ്ദി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവി പടുത്തുയർത്തേണ്ടവരാണ് ഇന്നത്തെ കുട്ടികൾ. ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം നേടുന്ന ആക്രമണങ്ങളിൽ നിന്നും സുരക്ഷിതരാകുന്ന അഫ്ഗാനിസ്ഥാനാണ് യൂണിസെഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.