മുംബയ്: ഇന്ത്യൻ സിനിമയുടെ ഷഹൻഷാ അമിതാഭ് ബച്ചന് ഇന്ന് പിറന്നാൾ. പൊതുവേ സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായ ബച്ചൻ തന്റെ 79ാം പിറന്നാൾ ദിനത്തിൽ ഒരു സ്റ്റൈലിഷ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്റ്സും ഫ്ളൂറസന്റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന സീനിയർ ബച്ചനെയാണ് ആ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. '80ലേക്ക് നടക്കുന്നു' എന്നാണ് ചിത്രത്തിന് ബച്ചൻ നൽകിയ കമന്റ്. എന്നാൽ തൊട്ടു പിറകേ മകൾ ശ്വേതാ ബച്ചന്റെ കമന്റ് എത്തി. 80 അല്ല 79 എന്ന്. ബച്ചന് തന്റെ പ്രായം കണക്കുകൂട്ടിയത് ഒരു വർഷം കൂടിപോയി എന്നാണ് ശ്വേത ഉദ്ദേശിച്ചത്.
ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് കമന്റുകളുമായി എത്തിയത്. 'ഗാംഗ്സ്റ്റർ' എന്നാണ് ചിത്രത്തിലെ ബച്ചനെ ബോളിവുഡ് താരം രൺവീർ സിംഗ് വിശേഷിപ്പിച്ചത്. ശ്വേതയെ കൂടാതെ ബച്ചന്റെ ചെരുമകൾ നവ്യയും പോസ്റ്റിനു താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്.
ബ്രഹ്മാസ്ത്ര, ജുണ്ഡ്, മേയ്ഡേ, ഗുഡ്ബൈ എന്നിവയാണ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. ഇതു കൂടാതെ ഹോളിവുഡ് ചിത്രമായ ദ് ഇന്റേണിന്റെ ഹിന്ദി പതിപ്പിലും ബച്ചൻ അഭിനയിക്കുന്നുണ്ട്. ഏറെ നാളുകൾക്കു ശേഷം ദീപികാ പദുക്കോൺ ബച്ചന്റെ നായികയായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റോബർട്ട് ദെ നിരോ, ആനി ഹാത്ത്‌വേ എന്നിവരുമാണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ വേഷമിട്ടത്. പ്രഭാസും ദീപികാ പദുക്കോണും മുഖ്യവേഷത്തിൽ അഭിനയിക്കുന്ന മറ്റൊരു ചിത്രവും ബച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.