jackie-chan

മുംബയ് : ഉല്ലാസ നൗകയിൽ വച്ചു നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായിരുന്നു. നിരവധി തവണ താരപുത്രനെ ജാമ്യത്തിലിറക്കാൻ കുടുംബം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിൽ വൻ താരനിര തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും കള്ളക്കേസാണെന്നും അവർ നിരന്തരം ആരോപിക്കുകയാണ്. എന്നാൽ ഷാരൂഖ് മകൻ അറസ്റ്റിലായ സംഭവത്തിൽ നിശബ്ദത പാലിക്കുകയുമാണ്. ആര്യൻ ഖാന് ലഭിക്കുന്ന പിന്തുണയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.

സമാനമായ കേസിൽ 2014ൽ തന്റെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ ജാക്കി ചാൻ എങ്ങനെ പ്രതികരിച്ചു എന്ന് അവർ ഓർമ്മിപ്പിക്കുകയും ചെയ്തു. മകന്റെ പ്രവൃത്തിയിൽ പരസ്യമായി മാപ്പ് പറഞ്ഞാണ് നടൻ അന്ന് പ്രതികരിച്ചത്. മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു. ഇത് എന്റെ പരാജയമാണ്, അവനെ സംരക്ഷിക്കാനായി ഞാൻ ഇടപെടില്ലെന്നാണ് സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചത്. മകനൊപ്പം ജാക്കിചാൻ നിൽക്കുന്ന ഫോട്ടോയും കങ്കണ പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

നടി കങ്കണയുടെ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ബി ജെ പി നേതാക്കളടക്കം ഈ പോസ്റ്റ് പങ്കുവച്ചു. ഒക്ടോബർ 2 ന് ഗോവയിലേക്കുള്ള ഉല്ലാസകപ്പലിൽ എൻസിബി നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ദീർഘകാലമായി താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താരപുത്രൻ സമ്മതിച്ചിട്ടുമുണ്ട്.