karnataka-minister-about-

ബംഗളൂരു :ഭാരതമിപ്പോൾ പാശ്ചാത്യ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ആധുനിക സ്ത്രീകൾക്കും അവിവാഹിതരായി തുടരാനാണ് താത്പര്യമെന്നും ക‌ർണാടക ആരോഗ്യ മന്ത്രി കെ സുധാകർ. മാത്രമല്ല വിവാഹശേഷം പ്രസവിക്കാൻ ഇത്തരക്കാ‌ർ തയ്യാറല്ലെന്നും വാടക ഗ‌ർഭത്തിലൂടെയാണ് കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസസ് ബംഗ്ലൂരുവിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മന്ത്രി പ്രസ്താവന നടത്തിയത്.

ഇന്ത്യൻ സമൂഹത്തിൽ പാശ്ചാത്യ സ്വാധീനം വർദ്ധിക്കുകയാണെന്നും ഇക്കാരണത്താൽ മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കുന്നതിന് വിമുഖത കാട്ടുന്നുണ്ടെന്നും കെ സുധാകർ ആരോപിച്ചു. മന്ത്രിയുടെ പരാമർശങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങി. സ്ത്രീകൾ അവിവാഹിതരായി തുടർന്നാൽ എന്താണ് പ്രശ്നമെന്നും എന്തുകൊണ്ട് സ്ത്രീകളുടെ മേൽ ഇത്തരം ധാ‌ർമ്മിക വിധികൾ അടിച്ചേൽപ്പിക്കുന്നുവെന്നും സ്ത്രീകൾക്ക് ഒറ്റക്കായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവരെ അവരായിരിക്കാൻ അനുവദിക്കൂ എന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു. അതെ, അവസാനം വിവാഹത്തിനും മാതൃത്വത്തിനും അപ്പുറം സ്ത്രീകൾ ചിന്തിച്ചു തുടങ്ങിയെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ച മന്ത്രി ഓരോ ഏഴാമത്തെ ഇന്ത്യക്കാരനും മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇത് സൗമ്യമായതുമുതൽ കഠിനമായ നിലയിലേക്ക് വരെ എത്താറുണ്ടെന്നും പറ‌ഞ്ഞു. മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നത് ഒരു കലയാണെന്നും എന്നാൽ ഇന്ത്യക്കാരായ നമ്മൾ ഇത് പഠിക്കേണ്ടതില്ലെന്നും നമ്മുടെ പൂർവികർ ലോകത്തെ പഠിപ്പിച്ച ധ്യാനം, യോഗ, പ്രാണായാമം എന്നിവയുടെ സഹായത്താൽ മാനസിക പിരിമുറുക്കം എങ്ങനെ നിയന്ത്രിക്കാമെന്ന് നാം ലോകത്തെ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.