pinarayi-vijayan

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമലയിലെ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിൽ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മോൻസൺ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ പക്കലുള്ള ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെമ്പോല പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് പുരാവസ്തു വകുപ്പാണ്. അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ മോൻസണിന്റെ വീട്ടിൽ പോയതെന്തിനെന്ന് അറിയില്ല. പുരാവസ്തുക്കളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ബെഹ്‌റ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കന്മാരിൽ ആരെങ്കിലും തട്ടിപ്പിനു വിധേയരായിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ അന്വേഷിക്കും. എന്നാൽ നേതാക്കന്മാരിൽ ആരെങ്കിലും തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.