വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത മീര ജാസ്‌മിൻ തിരിച്ചു വരവിനൊരുങ്ങുകയാണ്. ഇനി സിനിമയിൽ സജീവമായി തുടരാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് താരം പറഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരാജാസ്‌മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.
"എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്നു കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ചു നാളുകൾ സിനിമയിൽനിന്നു മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്."" മീര ജാസ്‌മിൻ പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിൽ മീര അത്ര സജീവമല്ല. ഏറെ നാളുകൾക്കുശേഷമാണ് മീര ജാസ്‌മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഭ്രമം സിനിമയുടെ ദുബായിലെ സ്‌ക്രീനിംഗിനെത്തിയ മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കറുത്ത സൽവാറിൽ അതിസുന്ദരിയായ മീര, ഉണ്ണി മുകുന്ദനും മറ്റു ടീം അംഗങ്ങൾക്കൊപ്പവും ചിത്രങ്ങൾ എടുത്തിരുന്നു.