ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും എത്തിയ നരേന്ദ്ര മോദി അധികാരത്തിന്റെ ഇടനാഴിയിലൂടെ സഞ്ചാരം ആരംഭിച്ചിട്ട് ഇരുപത് വർഷം പിന്നിടുകയാണ്. ഈ സമയത്ത് ഇക്കാലമത്രയും മോദിയുടെ നിഴലായി, കരുത്തായി നിലകൊണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും, അത്തരം പ്രശ്നങ്ങൾ ഗുജറാത്തിൽ എങ്ങനെ മോദി കൈകാര്യം ചെയ്തു എന്നും വിശദീകരിക്കുകയാണ്. സൻസാദ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നം വിദ്യാഭ്യാസമില്ലാത്തവരിൽ നിന്നുമാണെന്ന് അമിത് ഷാ വിശദീകരിച്ചത്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾ ശരിക്കും രാജ്യത്തിന്റെ ഭാരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാരണം അവർക്ക് ഒരിക്കലും ഇന്ത്യയിലെ നല്ല പൗരനായി മാറാൻ കഴിയുകയില്ല. കാരണം സ്‌കൂളിൽ പോകാത്തതിനാൽ ഭരണഘടന നൽകിയ അവകാശങ്ങൾ അവനറിയാൻ കഴിയില്ല, അതിനൊപ്പം അവനിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്ന കടമകളും അറിയില്ല, പിന്നെ എങ്ങനെയാണ് അയാൾ ഒരു നല്ല പൗരനാവുന്നതെന്ന് ഷാ ചോദിക്കുന്നു.
സ്‌കൂളുകളിൽ പ്രവേശനം വർദ്ധിപ്പിക്കുവാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി കൊണ്ടുവന്ന നയങ്ങളെ കുറിച്ചും അമിത് ഷാ വാചാലനായി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുമ്പോൾ ഏറ്റവും വലിയ പ്രശ്നം സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് ആയിരുന്നു. ഇത് തടയുന്നതിനായി ഒരു പുതിയ പദ്ധതി മോദി ആവിഷ്‌കരിച്ചു. രക്ഷിതാക്കളുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. ഒരു കുട്ടി സ്‌കൂളിൽ വന്നില്ലെങ്കിൽ, അതിനെക്കുറിച്ച് അന്വേഷിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകി. ഇതിന്റെ ഫലം ആച്ഛര്യപ്പെടുത്തുന്നതായിരുന്നു. കൊഴിഞ്ഞു പോക്ക് നിരക്ക് 37% ൽ നിന്ന് ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞു.
മോദിയുടെ പ്രവർത്തനരീതി താൻ അടുത്ത് നിന്നും കണ്ടിട്ടുണ്ടെന്നും, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ലെന്നും അമിത്ഷാ ഉറപ്പിച്ച് പറയുന്നു. കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനങ്ങൾ അദ്ദേഹം എടുക്കുക. അതേസമയം ദേശീയ താൽപ്പര്യമുള്ള തീരുമാനങ്ങൾക്കായി റിസ്‌ക് എടുക്കാൻ മോദി ഒരിക്കലും മടി കാട്ടാറില്ലെന്നും അമിത് ഷാ അഭിമുഖത്തിൽ വെളിപ്പെടുത്തി.