spitting-pouch

മുംബയ് : യാത്രയ്ക്കിടെ പാൻമസാലയും, പാക്കും ചവച്ചതിന് ശേഷം ട്രെയിനിൽ തുപ്പുന്നവരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് റെയിൽവേ. കൊവിഡ് കാലത്ത് മാസ്‌ക് നിർബന്ധമാക്കിയിട്ട് പോലും യാത്രക്കാരുടെ തുപ്പൽ നിർത്താൻ കഴിഞ്ഞിട്ടില്ല. വർഷത്തിൽ 1200 കോടിയോളം രൂപയാണ് യാത്രക്കാരുടെ തുപ്പൽ നീക്കം ചെയ്ത് ട്രെയിനും, സ്റ്റേഷൻ പരിസരവും ശുചിയാക്കുന്നതിന് വേണ്ടി റെയിൽവേ വിനിയോഗിക്കുന്നത്. പോരാത്തതിന് ഇതിനായി ധാരാളം ജലവും പാഴാക്കേണ്ടി വരുന്നു. ട്രെയിനിലും, സ്റ്റേഷൻ പരിസരത്തും തുപ്പുന്നവരിൽ നിന്നും അഞ്ഞൂറ് രൂപ ഫൈൻ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലവത്തായിരുന്നില്ല. എന്നാൽ ഇപ്പോഴിതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയിരിക്കുകയാണ്.

യാത്രക്കാർക്ക് തുപ്പുന്നതിനായി പല വലിപ്പത്തിലുമുള്ള സ്പിറ്റൂണുകൾ ( തുപ്പൽ പാത്രങ്ങൾ ) നൽകാനാണ് തീരുമാനം. ഇതിൽ പോക്കറ്റ് വലിപ്പത്തിൽ വരെയുള്ളവ യാത്രക്കാർക്ക് ഉപയോഗിക്കാനാവും. ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ പായ്ക്കറ്റുകൾ അതിന്റെ ശേഷിക്കൊത്ത് ഉപയോഗിക്കാം. ഈ പായ്ക്കറ്റുകളിൽ ചെടികളുടെ വിത്തിനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമിനീരിലെ ബാക്ടീരിയ അടക്കമുള്ള അണുക്കളെ നിർവീര്യമാക്കുവാനുള്ള വസ്തുക്കളും അതിൽ അടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ശേഷം പായ്ക്കറ്റുകളിൽ സ്റ്റേഷനുകളെ പാത്രങ്ങളിൽ നിക്ഷേപിക്കാം. അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ ഈ പായ്ക്കറ്റുകൾക്ക് വിലയുണ്ട്. ഇത് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിംഗ് മെഷീനുകളിൽ നിന്നും എടുക്കാവുന്നതാണ്.

വിവിധ അളവുകളിൽ വരുന്നതും 15 മുതൽ 20 പ്രാവശ്യം വരെ പുനരുപയോഗിക്കാവുന്നതുമായ പൗച്ചുകളിൽ വിത്തുകളും തുപ്പൽ ആഗിരണം ചെയ്ത് ഖരരൂപത്തിലേക്ക് മാറ്റുന്ന വസ്തുക്കളും അടങ്ങിയിരിക്കുന്നു. ഇപ്പോൾ ഈ പദ്ധതി മൂന്ന് റെയിൽവേ സോണുകളിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പായ്ക്കറ്റുകൾ ചെളിയിലോ മണ്ണിലോ നിക്ഷേപിക്കുമ്പോഴാണ് വിത്തുകൾ മുളച്ച് ചെടികൾ വളരുന്നത്. നാഗ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നിൽ. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലും ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനിലും ഈ പദ്ധതി നടപ്പിലാക്കാനുള്ള കരാർ കമ്പനി ഒപ്പിട്ടിട്ടുണ്ട്.