dhoni-

ഷാർജ: ഇന്നലെ നടന്ന ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർകിംഗ്സ് ഐ പി എൽ 14ാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറിയിരുന്നു. 173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ രണ്ട് പന്തുകൾ ബാക്കിനിൽക്കെയാണ് വിജയത്തിലെത്തിയത്. ഓപ്പണർ റിതുരാജ് ഗെയ്ക്ക്‌വാദ് (70), റോബിൻ ഉത്തപ്പ (63) എന്നിവരുടെ പോരാട്ടവും അവസാന ഓവറിലെ ധോണിയുടെ (18*) നോട്ടൗട്ടുമാണ് ചെന്നൈയ്ക്ക് വിജയം നൽകിയത്.

വിജയാഹ്ലാദത്തിനിടയിൽ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി രണ്ട് കൊച്ച് ആരാധകർക്ക് സമ്മാനം നൽകുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. മത്സരശേഷം ടീമംഗങ്ങളോടൊപ്പം ഡ്രെസിംഗ് റൂമിലെ ബാൽക്കണിയിൽ നിന്ന ധോണി, തൊട്ടുമുകളിലത്തെ നിലയിൽ നിന്ന് കുട്ടി ആരാധകർക്ക് തന്റെ ഒപ്പിട്ട ഒരു പന്ത് നൽകുന്നതാണ് വീഡിയോയിൽ. പന്തിൽ ഒപ്പിട്ട ശേഷം ധോണി അത് മുകളിലേക്ക് എറിഞ്ഞു നൽകുകയായിരുന്നു. പന്ത് കിട്ടിയ കുട്ടികൾ സന്തോഷത്തോടെ അതും കൊണ്ട് അമ്മയുടെ അടുത്ത് ഓടിപോകുന്നതും എല്ലാവരെയും ആ പന്ത് കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നേരത്തെ ചെന്നൈ ഫൈനലിലെത്തിയ സന്തോഷത്തിൽ ഈ കുട്ടികൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ധോണി കുട്ടികൾക്ക് തന്റെ ടീമിനോടുള്ള ആത്മബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കൂടിയാണ് പന്ത് നൽകിയതെന്ന് കരുതുന്നു.

മത്സരത്തിൽ തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ പ്രതീക്ഷകൾ തീർന്നിട്ടില്ല. ഇന്നത്തെ എലിമിനേറ്റിൽ വിജയിക്കുന്നവരെ ബുധനാഴ്ച രണ്ടാം ക്വാളിഫയറിൽ തോൽപ്പിച്ചാൽ ഡൽഹിക്ക് ഫൈനലിലെത്താം. ചെന്നൈയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് എടുത്തത്. തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർ പൃഥ്വി ഷായുടെയും (60) നായകൻ റിഷഭ് പന്തിന്റെയും(51*) അർദ്ധസെഞ്ച്വറികളും, ഷിമ്രോൺ ഹെട്മേയറുടെ (37)മികച്ച പ്രകടനമാണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്.

These guys got emotional when CSK qualified for the IPL 2021 final! MS Dhoni gifted them a signed ball ❤️#Dhoni pic.twitter.com/ZgseBfnh5Z

— Mehindro Sengh Dhuni (@Gawd_Dhuni) October 11, 2021