മുംബയ്: മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി പാകിസ്ഥാൻ വംശജയായ ബോളിവുഡ് താരം സോമി അലി. എത്ര ശ്രമിച്ചാലും വേശ്യാവൃത്തിയും ലഹരിമരുന്നും ഇന്ത്യപോലൊരു രാജ്യത്ത് നിന്ന് തുടച്ചുനീക്കാൻ സാധിക്കില്ലെന്നും ഇവ രണ്ടും നിയമവിധേയമാക്കുന്നതാണ് എറ്റവും നല്ലതെന്നും സോമി അലി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പാകിസ്ഥാനിൽ ജനിച്ച് വളർന്ന സോമി അലി ബോളിവുഡിൽ അഭിനയിക്കുന്നതിനു വേണ്ടി 1991ൽ മുംബയിലേക്ക് കുടിയേറിയതാണ്.
15ാമത്തെ വയസിൽ ആന്ദോളൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടി ദിവ്യാ ഭാരതിയോടൊപ്പം താനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് അതിനോട് താത്പര്യം തോന്നിയില്ലെന്നും സോമി അലി കുറിച്ചു. എന്നാൽ ചിലർക്ക് മയക്കുമരുന്നിന്റെ ലോകത്തു നിന്ന് പുറത്തു കടക്കാൻ എളുപ്പം സാധിക്കില്ലെന്നും അങ്ങനെയുള്ളവരെ സഹായിക്കുന്നതിനു വേണ്ടിയാണ് താൻ ഒരു എൻ ജി ഒ നടത്തുന്നതെന്നും സോമി അലി പറഞ്ഞു.
സമ്പന്നൻ എന്ന കാരണം കൊണ്ട് ഇത്തരം കേസുകളിൽ നിന്ന് ഊരിപോകാൻ ആർക്കും സാധിക്കില്ലെന്ന് തെളിയിക്കാനുള്ള ബദ്ധപ്പാടിലാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ ഇപ്പോഴെന്നും ഇതു കാരണം തകരുന്നത് ഒരു യുവാവിന്റെ ജീവിതമാണെന്നും സോമി അലി കുറിച്ചു. 1971 മുതൽ അമേരിക്ക മയക്കുമരുന്നിനെതിരായ പോരാട്ടത്തിലാണെന്നും എന്നാൽ ഇപ്പോഴും ആ രാജ്യത്ത് മയക്കുമരുന്ന് സുലഭമായി ലഭിക്കുമെന്നും സോമി അലി പറഞ്ഞു. താൻ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്നും ആര്യൻ ഖാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവർ കുറിച്ചു.