amitabh-bachchan-

ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ജന്മദിനമാണിന്ന്. ഇപ്പോഴും സിനിമകളിലും, ടി വി ഷോകളിലും നിത്യസാന്നിദ്ധ്യമായ താരത്തിന് പരസ്യവിപണിയിലും വലിയ മൂല്യമാണുള്ളത്. ബച്ചൻ മോഡലായെത്തുന്ന നിരവധി പരസ്യങ്ങളാണ് ടിവി പരിപാടികൾക്കിടയിൽ എത്തുന്നത്. എന്നാൽ പിറന്നാൾ ദിനത്തിൽ പാൻമസാല കമ്പനിയ്ക്ക് വേണ്ടിയുള്ള പരസ്യത്തിൽ നിന്നും അമിതാഭ് ബച്ചൻ പിന്മാറി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്തെ ഒരു പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്നുമാണ് താരം പിന്മാറിയത്. താരത്തിന്റെ പുതിയ പരസ്യം പാൻ മസാല കമ്പനി പുറത്തിറക്കിയിട്ട് ഒരാഴ്ച മാത്രമാണ് ആവുന്നത്. പരസ്യത്തിൽ അഭിനയിക്കുവാൻ വാങ്ങിയ ഫീസും അദ്ദേഹം തിരികെ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു.

പാൻ മസാലയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ പ്രചാരണത്തിൽ നിന്ന് സ്വയം പിന്മാറാൻ ഒരു ദേശീയ പുകയില വിരുദ്ധ സംഘടന താരത്തിനോട് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. പിൻവാങ്ങിയാൽ യുവാക്കളെ പുകയിലയ്ക്ക് അടിമയാക്കുന്നത് തടയുമെന്ന സംഘടനയുടെ വാദം ബച്ചൻ സ്വീകരിക്കുകയായിരുന്നു. പൾസ് പോളിയോ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡറായ ബിഗ് ബി, പാൻ മസാലയുടെ പരസ്യത്തിൽ വരുന്നതിലെ അനൗചിത്യവും ആളുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഏതായാലും ബിഗ് ബി പിറന്നാൾ ദിവസം ഒരു നല്ല കാര്യം കൈക്കൊണ്ടിരിക്കുന്നു.