തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി നടത്തിയ സിറോ സർവേ ഫലം പുറത്ത്. കേരളത്തിലെ 18 വയസിനു മുകളിലുള്ള 82.6 ശതമാനം പേരിലും കൊവിഡിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. കുട്ടികളിൽ 40.02 ശതമാനത്തിലും 49 വയസു വരെയുള്ള സ്ത്രീകളിൽ 65.4 ശതമാനത്തിലും ആന്റിബോഡി കണ്ടെത്തി. തീരമേഖലയിൽ 87.7 ശതമാനവും ചേരിപ്രദേശങ്ങളിൽ 85.3 ശതമാനവും ആന്റിബോഡി ഉള്ളവരാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആന്റിബോഡിയുടെ പ്രധാന ഘടകമായി കണ്ടെത്തിയത് വാക്സിനേഷനാണ്. പഠനറിപ്പോർട്ട് അനുസരിച്ച് സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആകെ വാക്സിനെടുത്തവർ 3,66,19,693 പേരാണ്. ആദ്യ ഡോസെടുത്തവർ 2,49,41,863 (93.38%). രണ്ടാം ഡോസെടുത്തവർ 1,16,77,830 (43.72%). സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പരമാവധി പേർക്കു വാക്സിൻ നൽകാനാണ് സർക്കാർ ശ്രമം.