utra-murder-case-

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സൂരജിനുള്ള ശിക്ഷ മറ്റെന്നാൾ വിധിക്കുമെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകമായിരുന്നു ഉത്രയുടേത്. രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കടിപ്പിച്ചാണ് സൂരജ് പൈശാചികമായ കൃത്യം നടപ്പിലാക്കിയത്. ഉദ്വേഗഭരിതമായ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു ഉത്രാ കൊലക്കേസിന്റെ അന്വേഷണത്തിനൊത്ത താത്പര്യം കോടതിയിലെ വിചാരണയിലും ജനം പുലർത്തിയിരുന്നു. അവസാന നിമിഷവും കോടതിയിൽ സൂരജിനെ വൻ ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കുവാനുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്.


'വധശിക്ഷ നൽകാവുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിക്കുമ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പറയാനാകില്ലെന്നും, ഉത്രയുടേത് കൊലപാതകം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു ഘട്ടത്തിൽ കൊലപാതക ദിവസം സൂരജ് ഉത്രയ്‌ക്കൊപ്പമല്ല രാത്രിയിൽ കിടന്നതെന്നും മറ്റൊരു മുറിയിലാണ് പ്രതി ഉറങ്ങിയതെന്നും വാദിച്ചു. കേസിന്റെ ഗതി മാറ്റാൻ പോകുന്ന ഈ വാദത്തെ സൂരജിന്റെ കയ്യിൽ നിന്നും ലഭിച്ച തെളിവു കൊണ്ടാണ് പ്രോസിക്യൂഷൻ തിരിച്ചടിച്ചത്.

ഉത്ര കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സൂരജ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കേസിൽ തന്നെ സംശയിക്കാതിരിക്കുവാൻ സൂരജ് കാണിച്ച ഒരു അതിബുദ്ധിയായിരുന്നു ഇത്. ഈ കത്തിൽ താൻ ഉത്രയ്‌ക്കൊപ്പമാണ് കിടന്നിരുന്നത് എന്നാണ് സൂരജ് എഴുതിയിരുന്നത്. ഇത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിട്ടുമുണ്ടായിരുന്നു. സൂരജ് എഴുതിയ കത്തിലെ വരികൾ തന്നെ പ്രതിഭാഗത്തിന്റെ വാദങ്ങളുടെ മുനയൊടിക്കാൻ പര്യാപ്തമായിരുന്നു. ശരവേഗത്തിൽ ഇത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ തിരിച്ചടിച്ചത്. ഉത്ര കേസിലെ പ്രതിയെ കോടതി കുറ്റക്കാരനായി കണ്ടെത്തുമ്പോൾ കേസ് വിചാരണയുടെ തുടക്കം മുതൽ നിതാന്ത ജാഗ്രത പാലിച്ച പ്രോസിക്യൂഷനും കൈയടി അർഹിക്കുന്നു.