മലയാള സിനിമയെ സംബന്ധിച്ച് ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. അഞ്ഞൂറിലേറെ സിനിമകളിലെ അവിസ്മരണീയ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി.
എന്നാൽ നെടുമുടി വേണുവിനെ സംബന്ധിച്ചിടത്തോളം സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. നാടൻപാട്ടിലും തനതു നാടകത്തിലും, കഥകളിയിലും മൃദംഗത്തിലുമൊക്കെ പ്രാഗത്ഭ്യമുള്ള നെടുമുടി വേണുവിന് സിനിമയാണ് ഇവയേക്കാളൊക്കെ വലുതെന്ന തോന്നലും ഇല്ലായിരുന്നു. പകരംവയ്ക്കാനാവാത്ത അഭിനയശേഷി ബോദ്ധ്യപ്പെട്ട സിനിമാ ലോകം അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.
നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നായകനായും, സഹനടനായും, വില്ലനായുമൊക്കെ അദ്ദേഹം തിളങ്ങി. അഞ്ച് പതിറ്റാണ്ടിനിടെ അഞ്ഞൂറിലേറെ ചിത്രങ്ങളുടെ ഭാഗമായി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നെടുമുടി വേണുവിന്റെ വേർപാട്.