തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കാൻ നിരന്തരം ക്ഷണം വന്നപ്പോഴും നെടുമുടി വേണുവിന് അപ്പോൾ ചെയ്തിരുന്ന തൊഴിൽ വിട്ടുപോകാൻ വല്ലാത്ത മടിയായിരുന്നു. അത്രയേറെ പത്രപ്രവർത്തനത്തെ നെടുമുടി വേണു ഇഷ്ടപ്പെട്ടിരുന്നു.
ആലപ്പുഴയിൽ നിന്നും വേണു ഗുരു കാവാലം നാരായണപണിക്കരിന്റെ സോപാനം കളരിയിൽ എത്തിയകാലം. തിരുവനന്തപുരത്ത് കഴിയണം. വരുമാനത്തിന് ജോലിയില്ല. കാവാലം നേരെ കൂട്ടിക്കൊണ്ടു വന്നത് പേട്ടയിലെ കേരളകൗമുദി ഓഫീസിലേക്ക്. അങ്ങനെ കലാകൗമുദി ഫിലിംമാഗസീന്റെ ലേഖകനായി. കലാകൗമുദി ആഴ്ചപതിപ്പിലും എഴുതി.
പ്രേംനസീർ മുതൽ പ്രശസ്തരായ പലരുമായും അടുക്കാൻ പത്രപ്രവർത്തനം നെടുമുടി വേണുവിനെ തുണച്ചു. ഭരതനുമായി വലിയ കൂട്ടാവുന്നതും അങ്ങനെയാണ്. 'പ്രയാണം' എന്ന ആദ്യ സിനിമ മാത്രമേ അന്നു ഭരതൻ സംവിധാനം ചെയ്തിട്ടുള്ളൂ. ആദ്യനാളുകളിൽ വേണു നടനാണെന്നൊന്നും ഭരതന് അറിയില്ല. പിന്നീടു പത്മരാജനാണ് വേണുവിന്റെ അഭിനയതാൽപര്യം ഭരതനോടു പറഞ്ഞത്.
ജോലി കഴിഞ്ഞാൽ പല ദിവസങ്ങളിലും ഭരതന്റെ മുറിയിൽ ചെന്നു സംസാരിച്ചിരിക്കും. അതിനിടയിലൊരിക്കൽ, 'ആരവം' എന്നൊരു സിനിമയെടുക്കുന്ന കാര്യം ഭരതൻ വേണുവിനോടു പറഞ്ഞു. കമല ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്. പിന്നെ കുറേക്കാലം കഴിഞ്ഞ് ഭരതൻ ചോദിച്ചു: 'ആ വേഷം വേണുവിനു ചെയ്യാമോ?'
അന്നത് കേട്ടപ്പോൾ വലിയ ആവേശമൊന്നും തോന്നിയില്ലെന്ന് പിന്നീട് നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. സിനിമാഭിനയം അന്ന് ഭ്രമമുള്ള കാര്യമേ ആയിരുന്നില്ല. ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്. വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട്. പക്ഷേ, 'തമ്പി'ലെ പ്രധാന കഥാപാത്രത്തിനുവേണ്ടി അരവിന്ദൻ നെടുമുടിയെ പിടികൂടി. അതും കഴിഞ്ഞാണ് 'ആരവം' വരുന്നത്.
എന്നിട്ടും സിനിമയാണ് ഭാവിയെന്ന് നെടുമുടി ചിന്തിച്ചതേയില്ല. അങ്ങനെ തോന്നാൻ പത്തുപതിനഞ്ചു സിനിമ കഴിയേണ്ടിവന്നു. 'തകര' കഴിഞ്ഞും പത്രപ്രവർത്തനം തുടർന്നിരുന്നു. സിനിമയിലെ തിരക്കു കൂടിയപ്പോൾ ആറു വർഷത്തിനശേഷമാണ് പത്രപ്രവർത്തനം ഉപേക്ഷിച്ചത്. പിന്നെ നാലര പതിറ്റാണ്ടോളം സിനിമ നെടുമുടിയെ വിട്ടില്ല.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരി ഒരാളായി മാറിയത് പെട്ടെന്നായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധാനം, തിരക്കഥ എന്നിവയിലും പ്രതിഭ തെളിയിച്ചു. രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡും ആറ് തവണ സംസ്ഥാന ചലച്ചിത്ര അവാർഡുകളും പ്രതിഭയുടെ അംഗീകാരത്തിന് തെളിവായി എത്തി.