ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഒരു എൻജിനീയർ ഞായറാഴ്ചകളിൽ അവധി ലഭിക്കുന്നതിന് വേണ്ടി നൽകിയ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാരണമാണ് ഇപ്പോൾ ട്വിറ്ററിലെ ട്രെൻഡിംഗ് വിഷയം. മദ്ധ്യപ്രദേശിലെ സർക്കാരിന് കീഴിലുള്ള മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്ര് ഗാരന്റി ആക്ടിന് കീഴിലുള്ള പദ്ധതികൾ നടത്തുന്നതിന് ചുമതലപ്പെട്ട ഡെപ്യൂട്ടി എൻജിനീയർ രാജ്കുമാർ യാദവ് ആണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്.
തന്റെ പൂർവജന്മത്തെ കുറിച്ച് നിരവധി കാര്യങ്ങൾ ഈയടുത്ത് അറിയാൻ സാധിച്ചുവെന്നും എ ഐ എം ഐ എം നേതാവ് അസാദുദീൻ ഒവൈസി പൂർവജന്മത്തിൽ നകുലനെന്ന കൂട്ടുകാരൻ ആയിരുന്നുവെന്നും തങ്ങൾക്കിടയിലെ ശകുനി ആയിരുന്നു ഇപ്പോൾ ആർ എസ് എസ് തലവൻ ആയ മോഹൻ ഭഗവത്തെന്നും രാജ്കുമാർ യാദവ് പഞ്ചായത്ത് സി ഇ ഒയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. മഹാരാഷ്ട്രയിലെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പല കാര്യങ്ങളും തന്റെ പൂർവജന്മത്തിൽ നിന്ന് അറിയാൻ സാധിച്ചേക്കുമെന്നും അതിനാൽ ഭഗവത് ഗീത വായിക്കുന്നതിന് വേണ്ടി ഞായറാഴ്കളിൽ അവധി അനുവദിക്കണമെന്ന് വാട്സാപ്പിൽ അയച്ച സന്ദേശത്തിൽ പറയുന്നു. ഇതിനു പുറമേ തന്റെ അഹങ്കാരം ഇല്ലാതാക്കുന്നതിനു വേണ്ടി ഞായറാഴ്ചകളിൽ ഭിക്ഷ യാചിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്കുമാർ യാദവ് പറഞ്ഞു.
എന്നാൽ ഇതിന് മറുപടിയായി ഞായറാഴ്കളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നത് ഉള്ളിലുല്ള അഹംഭാവത്തെ കാണിക്കുകയാണെന്ന് പഞ്ചായത്ത് സി ഇ ഒ പറഞ്ഞു. അതിനാൽ തന്നെ രാജ്കുമാറിന്റെ ഉള്ളിലുള്ള അഹംഭാവത്തിന്രെ വേരടക്കം മുറിച്ചുകളയപ്പെടുന്നത് വരെ ഞായറാഴ്ചകളിൽ തുടർച്ചയായി ജോലി ചെയ്യാൻ സി ഇ ഒ ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്ര് ഗാരന്റി ആക്ടിന് കീഴിലുള്ള പദ്ധതികളുടെ ചുമതലകൾ വഹിക്കുന്നവർ ചിലപ്പോഴെല്ലാം ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടി വരാറുണ്ട്.