ന്യൂഡൽഹി : ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്, എന്നാൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ എത്രത്തോളം ജനാധിപത്യമുണ്ടെന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം ലഭിക്കുക ബുദ്ധിമുട്ടാവും. ഏതെങ്കിലും ഒരു നേതാവിന്റെയോ അതല്ലെങ്കിൽ ഒരു കുടുംബത്തിന്റെയോ അധികാരത്തിൽ തീരുമാനങ്ങളെടുക്കുന്ന സംവിധാനമാവും മിക്ക പാർട്ടികളിലും ഉണ്ടാവുക. സാധാരണ പ്രവർത്തകർക്കോ, അല്ലെങ്കിൽ പ്രവർത്തകരല്ലാത്ത അനുഭാവികൾക്കോ, പൗരൻമാർക്കോ നേതാക്കളെ കാണുവാൻ പോലും കഴിഞ്ഞെന്ന് വരില്ല. ഇതിന് ഒരു മാറ്റം കൊണ്ടു വരികയാണ് ബി ജെ പിയിലെ സഹകരണസെല്ലുകൾ. 2014ൽ ബി ജെ പി അധികാരം നേടിയപ്പോഴാണ് പാർട്ടി ഇത്തരം സഹകരണ സെല്ലുകൾ ആരംഭിച്ചത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുള്ള നേതാക്കളെ, മന്ത്രിമാരെ താഴെതട്ടിലുള്ള സാധാരണ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കും നേരിട്ട് സംസാരിക്കുവാനുള്ള, തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാനുള്ള വേദിയാണ് സഹകരണ സെൽ. ഇത്തരം സംവിധാനങ്ങളെ കൃത്യതയോടെ നടപ്പിലാക്കിയതിനാലാണ് 2019ലും ബി ജെ പിക്ക് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തുടരാൻ സാധിച്ചത്.
കൊവിഡ് കാലത്ത് സഹകരണ സെൽ പ്രവർത്തനങ്ങൾ ബി ജെ പി താത്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരുന്നതിനും, മുൻപുണ്ടായ ഫലപ്രാപ്തി കണക്കാക്കിയും സഹകരണ സെൽ
തിരിച്ചുവരികയാണ്. ഇന്നലെ മുതലാണ് വീണ്ടും സഹകരണ സെൽ പ്രവർത്തനം ആരംഭിച്ചത്. ദിവസവും രണ്ട് മണിക്കൂറോളം പാർട്ടിയിലെ ഉന്നത നേതാക്കളുമായും, കേന്ദ്ര മന്ത്രിമാരുമായും ഇതിലൂടെ പാർട്ടി പ്രവർത്തകർക്കും പൊതു ജനത്തിനും സംവദിക്കാൻ അവസരം ലഭിക്കും. സഹകരണ സെല്ലിൽ ആദ്യ ആഴ്ചയിലെ പട്ടികയിൽ കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, കിരൺ റിജിജു, അനുരാഗ് ഠാക്കൂർ, അശ്വിനി വൈഷ്ണവ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ഈ പരിപാടിയിൽ ലഭിക്കുന്ന പരാതികൾ, അപേക്ഷകൾ എന്നിവയിൻ മേൽ എന്ത് നടപടികൾ കൈക്കൊണ്ടു, അവയുടെ പുരോഗതി തുടങ്ങിയവ സഹകരണ സെൽ സൂക്ഷിച്ചു വയ്ക്കും, ഇതിലൂടെ വീണ്ടും ജനങ്ങളുമായി ആശയവിനിമയം നടത്തുവാനുള്ള അവസരം പാർട്ടിക്ക് ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, ഭരണത്തിലുള്ള സമയം മുഴുവൻ പുത്തൻ ആശയവിനിമയ മാർഗങ്ങളിലൂടെ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുവാൻ സഹകരണ സെല്ലിലൂടെ ബി ജെ പിക്ക് കഴിയുന്നു.